ജയ്പൂര്‍: നായകനായിരുന്ന സ്റ്റീവ് സ്മിത്തിന് പിന്നാലെ റോബിന്‍ ഉത്തപ്പയെയും കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ്. കളിക്കാരുടെ കൈമാറ്റ ജാലകത്തിലൂടെ ഉത്തപ്പയെ ചെന്നൈ സൂപ്പര്‍ കിംഗ്സിനാണ് രാജസ്ഥാന്‍ കൈമാറിയത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മൂന്ന് കോടി രൂപ നല്‍കിയാണ് രാജസ്ഥാന്‍ ഉത്തപ്പയെ ടീമിലെത്തിച്ചത്.

എന്നാല്‍ കൂടുതല്‍ മത്സരങ്ങളിലും മധ്യനിരയില്‍ കളിച്ച ഉത്തപ്പക്ക് 12 മത്സരങ്ങളില്‍ 16.33 ശരാശരിയില്‍ 196 റണ്‍സെ നേടാന്‍ കഴിഞ്ഞിരുന്നുള്ളു. താരങ്ങളെ നിലനിര്‍ത്താനുള്ള അവസാന തീയതിക്ക് മുമ്പ് നായകന്‍ സ്റ്റീവ് സ്മിത്തിനെ റോയല്‍സ് കൈവിട്ടിരുന്നു.

സ്മിത്തിന് പകരം മലയാളി താരം സഞ്ജു സാംസണെ നായകനായി തെര‍ഞ്ഞെടുക്കുകയും ചെയ്തിരുന്നു. രാജസ്ഥാന്‍ റോയല്‍സില്‍ ചെലവഴിച്ച സമയം ശരിക്കും ആസ്വദിച്ചുവെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ കാത്തിരിക്കുകയാണെന്നും ഉത്തപ്പ പറഞ്ഞു.