2024ലെ ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നാണ് അഭിഷേക് ശർമ്മ 42 സിക്സ് പറത്തി റെക്കോര്‍ഡിട്ടതെങ്കില്‍ ഈ നേട്ടം മറികടക്കാന്‍ വൈഭവിന് വേണ്ടി വന്നത് വെറും 12 മത്സരങ്ങളായിരുന്നു.

ദില്ലി: ഐപിഎല്ലില്‍ ചരിത്രനേട്ടവുമായി രാജസ്ഥാന്‍ റോയൽസിന്‍റെ 15 കാരൻ ഓപ്പണര്‍ വൈഭവ് സൂര്യവംശി. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ വൈഭവ് സ്വന്തമാക്കിയത്. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ഇറങ്ങുമ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശർമ്മയുടെ (42 സിക്സുകൾ) റെക്കോർഡ് മറികടക്കാൻ വൈഭവിന് മൂന്ന് സിക്സറുകൾ കൂടി വേണമായിരുന്നു. മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ലുങ്കി എന്‍ഗിഡിയെ സിക്സ് പറത്തിയാണ് വൈഭവ് തുടങ്ങിയത്. പിന്നാവെ മിച്ചല്‍ സ്റ്റാര്‍ക്കിനെയും സിക്സിന് തൂക്കി വൈഭവ് അഭിഷേകിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഞ്ചാം ഓവറിലെ അവസാന പന്തിൽ തൃപുരാന വിജയ്‌യെ സിക്സറിന് പറത്തിയാണ് വൈഭവ് ചരിത്രനേട്ടം സ്വന്തമാക്കി. 2024ലെ ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നാണ് അഭിഷേക് ശർമ്മ 42 സിക്സ് പറത്തി റെക്കോര്‍ഡിട്ടതെങ്കില്‍ ഈ നേട്ടം മറികടക്കാന്‍ വൈഭവിന് വേണ്ടി വന്നത് വെറും 12 മത്സരങ്ങളായിരുന്നു. 39 സിക്സുകള്‍ പറത്തിയ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരാണ് ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തിയ മൂന്നാമത്തെ ഇന്ത്യൻ താരം.വിരാട് കോലി 2016ലും 2024ലും 38 സിക്സുകള്‍ വീതം പറത്തി നാലാം സ്ഥാനത്താണ്. സൂര്യകുമാര്‍ യാദവും 2025ല്‍ 38 സിക്സുകള്‍ പറത്തിയിരുന്നു.

Scroll to load tweet…

ഐപിഎല്‍ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരമെന്ന റെക്കോർഡ് പക്ഷെ ഇപ്പോഴും ക്രിസ് ഗെയ്‌ലിന്‍റെ പേരിലാണ്. 2012ല്‍ ആര്‍സിബിക്കായി 59 സിക്സുകളാണ് ഗെയ്ല്‍ അടിച്ചത്. 2019ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി 52 സിക്സുകള്‍ പറത്തിയ ആന്ദ്രെ റസലാണ് രണ്ടാം സ്ഥാനത്ത്. 2013ല്‍ ആര്‍സിബിക്കായി ക്രിസ് ഗെയ്ൽ 51 സിക്സുകളുമായി മൂന്നാം സ്ഥാനത്തുണ്ട്. 2022ല്‍ രാജസ്ഥാനായി 45 സിക്സുകള്‍ പറത്തിയ ജോസ് ബട്‌ലറാണ് നാലാം സ്ഥാനത്ത്.

2011ല്‍ ആര്‍സിബിക്കായി 44 സിക്സുകളുമായി ഗെയ്ല്‍ വീണ്ടും അഞ്ചാം സ്ഥാനത്തുള്ളപ്പോള്‍ 43 സിക്സുകള്‍ പറത്തിയ വൈഭവ് എക്കാലത്തെയും സിക്സ് വേട്ടക്കാരില്‍ നിലവില്‍ ആറാമതാണ്. ഈ സീസണില്‍ 17 സിക്സുകള്‍ കൂടി പറത്തിയാൽ വൈഭവിന് ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് മറികടക്കാനാവും. ലീഗ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ കൂടിയാണ് ഇനി രാജസ്ഥാന് ബാക്കിയുള്ളത്. പ്ലേ ഓഫിലേക്ക് യോഗ്യത നേടിയാല്‍ വൈഭവ് ഈ സീസണില്‍ ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക