ഡബ്ലിന്‍: മത്സരത്തിനിടെ പടുകൂറ്റന്‍ സിക്സടിച്ച അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രൈന്‍ സ്വപ്നത്തില്‍പോലും വിചാരിച്ചു കാണില്ല, ആ സിക്സ് തകര്‍ത്തത് സ്വന്തം കാറിന്റെ ചില്ലാണെന്ന്.  അയര്‍ലന്‍ഡിലെ ഇന്റര്‍ പ്രൊവിന്‍ഷ്യല്‍ ടി20 ട്രോഫിയില്‍ നോര്‍ത്ത് വെസ്റ്റ് വാരിയേഴ്സിനെതിരെ ലീന്‍സ്റ്ററിന് വേണ്ടി ബാറ്റിംഗിനിറങ്ങിയ ഒബ്രൈന്‍ 37 പന്തില്‍ 82 റണ്‍സടിച്ച് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തിരുന്നു.

മത്സരത്തില്‍ എട്ട് സിക്സുകളാണ് ഒബ്രൈന്‍ പറത്തിയത്. ഇതിലൊന്നാണ് മത്സരം നടന്ന സ്റ്റേഡിയത്തിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒബ്രൈന്റെ തന്നെ കാറിന്റെ പിന്നിലെ ഗ്ലാസ് തകര്‍ത്തത്. മത്സരത്തിനുശേഷം പൊട്ടിയ ചില്ലുമായി കാറോടിച്ചുപോയ ഒബ്രൈന്‍ ഗ്യാരേജില്‍ കൊടുത്ത് ചില്ല് മാറ്റുകയും ചെയ്തു. അടുത്ത തവണ ബാറ്റിംഗിനിറങ്ങുന്നതിന് മുമ്പ് കുറച്ചുകൂടി അകലത്തില്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ടേ ഇറങ്ങു എന്നായിരുന്നു കാറിന്റെ ചില്ല് പൊട്ടിയതിനെക്കുറിച്ച് ഒബ്രൈന്റെ മറുപടി. ഒബ്രൈന്റെ ബാറ്റിംഗ് മികവില്‍ ലീന്‍സ്റ്റര്‍ മത്സരത്തില്‍ 24 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.

  ഇതാദ്യമായല്ല 36കാരനായ ഒബ്രൈന്റെ കൂറ്റന്‍ സിക്സുകള്‍ വാര്‍ത്തയാവുന്നത്. 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ലോകകപ്പിലെ തന്നെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ ഒബ്രൈന്റെ മികവിലാണ് അയര്‍ലന്‍ഡ് ഇംഗ്ലണ്ട് ഉയര്‍ത്തിയ 327 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നത്.