ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയില്‍ എം എസ് ധോണിക്കും രോഹിത് ശര്‍മയ്ക്കുമൊപ്പം ശ്രേയസ് അയ്യര്‍ക്കും സ്ഥാനമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. മൂന്ന് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ ഫൈനലിലേക്ക് നയിച്ച ഏക നായകന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് അയ്യരെ ശ്രദ്ധേയനാക്കുന്നതെന്നും പത്താന്‍ നിരീക്ഷിച്ചു.
മുംബൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയില്‍ എം എസ് ധോണിക്കും രോഹിത് ശര്‍മയ്ക്കുമൊപ്പം ശ്രേയസ് അയ്യര്‍ക്കും സ്ഥാനമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. വ്യത്യസ്ത ഫ്രാഞ്ചൈസികളെ വിജയകരമായി നയിക്കാനുള്ള അയ്യരുടെ കഴിവ് അദ്ദേഹത്തെ മറ്റ് പ്രമുഖ നായകന്മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നുവെന്ന് പത്താന്‍ നിരീക്ഷിച്ചു. മൂന്ന് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ ഫൈനലിലേക്ക് നയിച്ച ഏക നായകന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് അയ്യരെ ശ്രദ്ധേയനാക്കുന്നത്.
പത്താന്റെ വാക്കുകള്‍... ''ധോണി, രോഹിത്, ഗംഭീര്‍ എന്നിവരുടെ പട്ടികയില്‍ ശ്രേയസ് അയ്യര്‍ക്കും തുല്യസ്ഥാനമുണ്ട്. മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസികളെ ഫൈനലില്‍ എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ ടീമിനും ഓരോ സംസ്‌കാരവും രീതികളുമാണ്. അവയുമായി പൊരുത്തപ്പെട്ട് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ പ്രത്യേക മികവ് വേണം.'' പത്താന്‍ പറഞ്ഞു. 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആദ്യമായി ഫൈനലില്‍ എത്തിച്ചാണ് അയ്യര്‍ തന്റെ നായകമികവ് തെളിയിച്ചത്. പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ചു. കഴിഞ്ഞ സീസണില്‍ ശ്രേയസിന് കീഴില്‍ പഞ്ചാബ് കിംഗ്‌സും ഫൈനല്‍ കളിച്ചു. നിലവില്‍ പഞ്ചാബിനെ നല്ല രീതിയില്‍ നയിക്കുന്നുമുണ്ട്.'' പത്താന്‍ പറഞ്ഞു.
ധോണി തന്റെ അഞ്ച് കിരീടങ്ങളും ചെന്നൈക്കൊപ്പം നേടിയപ്പോള്‍, രോഹിത് മുംബൈക്കൊപ്പവും ഗംഭീര്‍ കൊല്‍ക്കത്തക്കൊപ്പവുമാണ് നേട്ടങ്ങള്‍ കൊയ്തത്. എന്നാല്‍ അയ്യര്‍ ഓരോ ടീമിലും തന്റെ സ്വാധീനം ഉറപ്പിക്കുന്നു എന്നതാണ് പ്രത്യേകതയെന്ന് പത്താന്‍ ചൂണ്ടിക്കാട്ടി.
പഞ്ചാബിന് കാത്തിരുന്ന നായകന്‍
സ്ഥിരതയില്ലാത്ത പ്രകടനങ്ങളുടെ പേരില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിരുന്ന പഞ്ചാബ് കിംഗ്‌സിന് ശ്രേയസ് അയ്യരുടെ വരവ് പുതിയ ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്. നായകനായും ബാറ്ററായും അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുന്നു. ഇത്തവണ പഞ്ചാബിനെ കിരീടത്തിലേക്ക് എത്തിക്കാന്‍ സാധിച്ചാല്‍, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ എന്ന ചര്‍ച്ചകളില്‍ അയ്യര്‍ എല്ലാവരെയും മറികടക്കുമെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.

