ഇന്ത്യയില്‍ ഐപിഎല്‍ ആവേശം ഏറ്റവും ഉയരത്തില്‍ എത്തി നില്‍ക്കുന്ന അവസ്ഥയിലാണ് ഇര്‍ഫാൻ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പോയത്. ഐപിഎല്ലിലെ മത്സരങ്ങള്‍ കാണുകയും അത് വിലയിരുത്തുകയും ചെയ്യുന്ന പതിവ് താരം തെറ്റിച്ചിട്ടുമില്ല
റിയാദ്: കുടുംബത്തോടൊപ്പം മക്കയിലെത്തി ഉംറ നിര്‍വഹിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇര്‍ഫാൻ പത്താൻ. ഭാര്യ സഫാ ബെയ്ഗിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ഇര്‍ഫാൻ പുണ്യ നഗരമായ മക്കയില്‍ എത്തിയത്. ഇര്‍ഫാൻ പത്താൻ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ജീവിതത്തെ ഏറ്റവും മനോഹരമാക്കിയ ഈ ആളുകൾക്കൊപ്പം ഏറ്റവും സമാധാനപരമായ ഉംറ നിര്‍വഹിച്ചുവെന്ന് ഇര്‍ഫാൻ ഇന്‍സ്റ്റയില്‍ കുറിച്ചു.
ഇന്ത്യയില്‍ ഐപിഎല്‍ ആവേശം ഏറ്റവും ഉയരത്തില്‍ എത്തി നില്‍ക്കുന്ന അവസ്ഥയിലാണ് ഇര്‍ഫാൻ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പോയത്. ഐപിഎല്ലിലെ മത്സരങ്ങള്‍ കാണുകയും അത് വിലയിരുത്തുകയും ചെയ്യുന്ന പതിവ് താരം തെറ്റിച്ചിട്ടുമില്ല. ഏറ്റവും ഒടുവില്‍ അടുത്ത വര്‍ഷം പോണ്ടിംഗ് മാറുകയാണെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പരിശീലകനായി ഗാംഗുലിയെ കൊണ്ട് വരണമെന്നാണ് ഇര്‍ഫാൻ പറഞ്ഞത്. നിലവില്‍ ഫ്രാഞ്ചൈസിയുടെ ക്രിക്കറ്റ് ഡയറക്‌ടറായി സപ്പോർട്ടിങ് സ്റ്റാഫിനൊപ്പം ഗാംഗുലിയുണ്ട്.
ടീമിലുള്ള ഇന്ത്യൻ കളിക്കാരുടെ 'മനഃശാസ്ത്രം' കൃത്യമായി അറിയുന്നയാളാണ് ഗാംഗുലി. ഡൽഹി ക്യാപിറ്റല്‍സിന്‍റെ ഡഗൗട്ടിൽ സൗരവ് ഗാംഗുലിയുടെ സാന്നിധ്യം വലിയ കാര്യമാണ്. പരിശീലകന്‍റെ ചുമതലയും ദാദയ്ക്ക് നൽകിയാൽ ഈ ടീമിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്ന് പത്താൻ പറഞ്ഞു. നേരത്തെ മലയാളി താരം സഞ്ജു സാംസണെയും ഇര്‍ഫാൻ പ്രശംസിച്ചിരുന്നു.
ചെന്നൈക്കെതിരെ രാജസ്ഥാൻ വിജയം നേടിയപ്പോഴായിരുന്നു ഈ പ്രശംസ. രാജസ്ഥാന്‍ ടീമില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ഒറ്റ പേസര്‍പോലും ഇല്ലാതിരുന്നിട്ടും കൃത്യതയോടെ പന്തെറിഞ്ഞ ബൗളര്‍മാരുടെ മികവാണ് രാജസ്ഥാനെ ജയിപ്പിച്ചതെന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. ബൗളര്‍മാരെ തന്ത്രപരമായി ഉപയോഗിച്ച സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിക്ക് 10ല്‍ 10 മാര്‍ക്ക് നല്‍കണമെന്നും ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തിരുന്നു.

