Asianet News MalayalamAsianet News Malayalam

ഇര്‍ഫാന്‍ പത്താന്‍ വിരമിച്ചു

2006ലെ പാക് പര്യടനമാണ് പത്താന്റെ തലവര മാറ്റിയത്. കറാച്ചി ടെസ്റ്റില്‍ ആദ്യ ഓവറുകളില്‍ തന്നെ ഹാട്രിക്കുമായി തിളങ്ങിയ പത്താന്‍ ഏകദിനത്തിലും പിന്നീടുവന്ന ടി20യിലും ഒരുപോലെ മികവറിയിച്ചു.

 

Irfan Pathan retires from international cricket
Author
Baroda, First Published Jan 4, 2020, 5:59 PM IST

ബറോഡ: ഇന്ത്യന്‍ ക്രിക്കറ്റിലെ കിംഗ് ഓഫ് സ്വിംഗ് ആയ ഇര്‍ഫാന്‍ പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരിക്കുകയാണെന്ന് 35കാരനായ പത്താന്‍ വ്യക്തമാക്കി. യുവരാജ് സിംഗിന്റെ പാത പിന്തുടര്‍ന്ന് വിദേശ് ടി20 ലീഗുകളില്‍ കളിക്കുന്നതിനായാണ് പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് സൂചന..

ആഭ്യന്തര ക്രിക്കറ്റില്‍ ജമ്മു കശ്മീര്‍ ടീമിന്റെ കളിക്കാരനായും ഉപദേശകനായും പ്രവര്‍ത്തിക്കുകയാണ് നിലവില്‍ പത്താന്‍. വരും സീസണില്‍ ജമ്മു കശ്മീര്‍ ടീമിന്റെ ഉപദേശകനായി തുടരുമെന്നും പത്താന്‍ പറഞ്ഞു. പരിക്കും ഫോമില്ലായ്മയും കാരണം ഏറെക്കാലമായി ഇന്ത്യന്‍ ടീമിന് പുറത്തു നില്‍ക്കുന്ന പത്താന്‍ ഏറെക്കാലമായി ഐപിഎല്ലിലും സജീവമല്ല.

2003ല്‍ ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിലാണ് ഇര്‍ഫാന്‍ പത്താന്‍ ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഒരു വിക്കറ്റ് മാത്രമാണ് പത്താന് വീഴ്ത്താനായത്. എന്നാല്‍ 2006ലെ പാക് പര്യടനമാണ് പത്താന്റെ തലവര മാറ്റിയത്. കറാച്ചി ടെസ്റ്റില്‍ ആദ്യ ഓവറുകളില്‍ തന്നെ ഹാട്രിക്കുമായി തിളങ്ങിയ പത്താന്‍ ഏകദിനത്തിലും പിന്നീടുവന്ന ടി20യിലും ഒരുപോലെ മികവറിയിച്ചു. 2007ലെ ആദ്യ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ച് കിരീടം നേടിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് പത്താനായിരുന്നു.

 2007ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിലും നിര്‍ണായക പങ്കുവഹിച്ച പത്താനെ ഗ്രെഗ് ചാപ്പല്‍ ബാറ്റിംഗ് ഓള്‍ റൗണ്ടറായി വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചതോടെ സ്വിംഗും വേഗവും നഷ്ടമായി ഒടുവില്‍ ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു.പിന്നീട് പലപ്പോഴായി ടീമില്‍ തിരിച്ചെത്തിയെങ്കിലും പഴയ വേഗവും സ്വിംഗും തിരിച്ചുപിടിക്കാന്‍ പത്താനായില്ല.

ഇന്ത്യക്കായി 29 ടെസ്റ്റില്‍ കളിച്ച പത്താന്‍ 100 വിക്കറ്റും 1105 റണ്‍സും നേടി. 120 ഏകദിനങ്ങളില്‍ 1544 റണ്‍സടിച്ച പത്താന്‍ 173 വിക്കറ്റുകളും വീഴ്ത്തി. 24 ടി20 മത്സരങ്ങളില്‍ 172 റണ്‍സടിച്ച പത്താന്‍ 28 വിക്കറ്റുകളും വീഴ്ത്തി.

Follow Us:
Download App:
  • android
  • ios