2024 ല്‍ ക്യാപ്റ്റന്‍സി ടാഗ് ഇല്ലായിരുന്നെങ്കില്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ഇലവനില്‍ ഇടം നേടാന്‍ ബുദ്ധിമുട്ടുമായിരുന്നുവെന്ന് ഇര്‍ഫാന്‍ പത്താന്‍.
മുംബൈ: 2024 കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍സി ടാഗ് ഇല്ലായിരുന്നെങ്കില്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ഇലവനില്‍ ഇടം നേടാന്‍ ബുദ്ധിമുട്ടുമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. സിഡ്നിയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ അവസാന ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള രോഹിത്തിന്റെ തീരുമാനം ഓര്‍ത്തെടുത്താന്‍ പത്താന്‍ സംസാരിച്ചത്. പര്യടനത്തിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 6.20 എന്ന ഏറ്റവും താഴ്ന്ന ശരാശരിയിലായിരുന്നു രോഹിത് സ്‌കോര്‍ ചെയ്തിരുന്നത്. മത്സരത്തിനിടെ ഒരു അഭിമുഖത്തില്‍ രോഹിത്തിനെ പിന്തുണയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും പത്താന്‍ പറഞ്ഞു.
പത്താന്റെ വിശദീകരണം. ''രോഹിത് ശര്‍മ വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഗംഭീര കളിക്കാരനാണ്. പക്ഷേ ആ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ശരാശരി 6 ആയിരുന്നു. അതുകൊണ്ടുതന്നെ, അദ്ദേഹം ക്യാപ്റ്റനായിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന് ടീമില്‍ ഇടം ലഭിക്കുമായിരുന്നില്ല.'' പത്താന്‍ വ്യക്തമാക്കി.
മുന്‍ ഇന്ത്യന്‍ പേസര്‍ തുടര്‍ന്നു... ''ആളുകള്‍ പറയുന്നത് ഞങ്ങള്‍ രോഹിത് ശര്‍മയെ ആവശ്യത്തിലധികം പിന്തുണച്ചിരുന്നു എന്നാണ്. തീര്‍ച്ചയായും അങ്ങനെയായിരുന്നു. ആരെങ്കിലും ചാനലില്‍ അഭിമുഖത്തിന് വരുമ്പോള്‍, അവരോട് മോശമായി പെരുമാറില്ല, അല്ലേ? അദ്ദേഹത്തെ ക്ഷണിച്ചു, അതിനാല്‍ നിങ്ങള്‍ മാന്യമായി പെരുമാറണം. രോഹിത് അഭിമുഖത്തിന് വന്നപ്പോള്‍ ഞങ്ങള്‍ ആ മാന്യതയാണ് കാണിച്ചത്. കാരണം അദ്ദേഹം ഞങ്ങളുടെ അതിഥിയായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു എന്നാണ് പറഞ്ഞത്. രോഹിത് പോരാട്ടം തുടരണമെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു.'' പത്താന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് വിജയത്തിന് ശേഷമുള്ള എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ രോഹിത് 164 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. അതില്‍ ഒരു അര്‍ദ്ധസെഞ്ച്വറി മാത്രമേയുള്ളൂ. സിഡ്‌നിയിലെ മത്സരത്തില്‍ നിന്ന് പിന്മാറിയെങ്കിലും വിരമിക്കില്ലെന്ന് രോഹിത് പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ രോഹിത് ഫോമിലേക്ക് തിരിച്ചെത്തി, മാര്‍ച്ചില്‍ ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് നയിച്ചു, തുടര്‍ന്ന് മെയ് മാസത്തില്‍ ഐപിഎല്‍ 2025 സീസണില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചു.

