ഐപിഎല്ലില്‍ ട്രാവിസ് ഹെഡുമായുണ്ടായ വാക്‌പോരില്‍ വിരാട് കോലിയെ പിന്തുണച്ച് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ രംഗത്തെത്തി. കോലി തന്റെ ഉള്ളിലെ ഓസ്ട്രേലിയക്കെതിരായ അഗ്രഷന്‍ പുറത്തെടുക്കുകയായിരുന്നുവെന്നും ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള മത്സരങ്ങളില്‍ ഇത്തരം വൈകാരിക പ്രകടനങ്ങള്‍ സ്വാഭാവികമാണെന്നും പത്താന്‍ പറഞ്ഞു. 

ബെംഗളൂരു: ഐപിഎല്ലില്‍ വെള്ളിയാഴ്ച നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ വിരാട് കോലിയും ഓസീസ് താരം ട്രാവിസ് ഹെഡും തമ്മിലുണ്ടായ വാക്‌പോരിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ഹെഡുമായുള്ള തര്‍ക്കത്തിനിടയില്‍ കോലി തന്റെ ഉള്ളിലെ ഓസ്ട്രേലിയക്കെതിരായ അഗ്രഷന്‍ പുറത്തെടുക്കുകയായിരുന്നുവെന്ന് പത്താന്‍ പറഞ്ഞു. മത്സരത്തിലുടനീളം ഇരുവരും തമ്മില്‍ കടുത്ത വാക്‌പോരുകള്‍ നടന്നിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ശിവംഗ് കുമാറിന്റെ ആദ്യ ഓവറിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ആ ഓവറില്‍ വെങ്കിടേഷ് അയ്യര്‍ ബൗളറെ ആക്രമിച്ച് മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. ഇതിനിടെ മിഡ്-വിക്കറ്റ് മേഖലയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ട്രാവിസ് ഹെഡിന് നേരെ തിരിഞ്ഞ കോലി, വന്ന് പന്തെറിയാന്‍ ആംഗ്യം കാണിക്കുകയായിരുന്നു. ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള മത്സരങ്ങളില്‍ ടീമുകള്‍ നിര്‍ണായക പോയിന്റുകള്‍ക്കായി പോരാടുമ്പോള്‍ ഇത്തരം വൈകാരിക പ്രകടനങ്ങള്‍ സ്വാഭാവികമാണെന്ന് പത്താന്‍ കോലിയെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.

പത്താന്‍ വിശദീകരിക്കുന്നതിങ്ങനെ... ''ഓസ്ട്രേലിയക്കെതിരെ കടുത്ത ആവേശത്തോടും മത്സരബുദ്ധിയോടും കൂടിയാണ് വിരാട് കോലി എപ്പോഴും ക്രിക്കറ്റിനെ സമീപിക്കാറുള്ളത്. ആ നിമിഷത്തില്‍, ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടായി വെറുതെ ഫീല്‍ഡില്‍ നില്‍ക്കാതെ വന്ന് കുറച്ച് പന്തെറിയാനാണ് കോ്ലി ട്രാവിസ് ഹെഡിനോട് ആവശ്യപ്പെട്ടത്. പോയിന്റ് പട്ടികയിലെ നിര്‍ണായക സ്ഥാനങ്ങള്‍ക്കായി ഇരുടീമുകളും മത്സരിക്കുന്ന ഇത്തരം ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള കളികളില്‍ ഇത്തരം കൈമാറ്റങ്ങള്‍ തികച്ചും സ്വാഭാവികമാണ്. ഇത് ഉന്നതതല ക്രിക്കറ്റിലെ മത്സരവീര്യത്തിന്റെ ഭാഗം മാത്രമാണ്.'' പത്താന്‍ വ്യക്തമാക്കി.

ഹെഡിന് ഹസ്തദാനം നല്‍കാതെ കോലി

മത്സരത്തിലുടനീളം കോലി ഹെഡിനെ സ്ലെഡ്ജ് ചെയ്യുന്നുണ്ടായിരുന്നു. നോണ്‍-സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് പന്തെറിയാന്‍ കോ്ലി ഹെഡിനെ വെല്ലുവിളിക്കുകയും ഒരു ഘട്ടത്തില്‍ ഹെഡിനെ അവിടെനിന്ന് മാറിപ്പോകാന്‍ ആംഗ്യം കാണിക്കുകയും ചെയ്തു. ഒടുവില്‍ മത്സരത്തിന്റെ പതിനെട്ടാം ഓവര്‍ എറിയാന്‍ എത്തിയ ഹെഡ്, തന്റെ രണ്ടാമത്തെ പന്തില്‍ തന്നെ ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിദാറിനെ പുറത്താക്കി മറുപടി നല്‍കി. മത്സരത്തിനിടയില്‍ ഫീല്‍ഡിംഗ് പൊസിഷന്‍ മാറുന്നതിനിടയിലും ഇരുവരും നേര്‍ക്കുനേര്‍ വരികയും കോലി ഹെഡിനോട് എന്തോ പറയുകയും ചെയ്തിരുന്നു. എന്നാല്‍ നാടകീയ രംഗങ്ങള്‍ കളി കഴിഞ്ഞും അവസാനിച്ചില്ല. മത്സരത്തിന് ശേഷം കോലി ഹെഡിന് ഹസ്തദാനം നല്‍കാതെ ഒഴിവാക്കി കടന്നുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.

YouTube video player