പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ അര്‍ഷ്ദീപ് വീണ്ടും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ പാകിസ്ഥാനെതിരെ അര്‍ഷ്ദീപിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍.
ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ന് പാകിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ രണ്ട് മത്സരങ്ങളില്‍ ഒരു സ്പെഷ്യലിസ്റ്റ് പേസറെ മാത്രം പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യ അര്‍ഷ്ദീപ് സിംഗിനെയും ഹര്‍ഷിത് റാണയെയും പുറത്തിരുത്തിയിരുന്നു. എന്നാല്‍ ഒമാനെതിരായ മൂന്നാം മത്സരത്തില്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം നല്‍കി അര്‍ഷ്ദീപിനും ഹര്‍ഷിതിനും അവസരം നല്‍കി. ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ അര്‍ഷ്ദീപ് വീണ്ടും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ പാകിസ്ഥാനെതിരെ അര്‍ഷ്ദീപിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍.
ഞാനെന്‍റെ വാക്കുകളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. ഏഷ്യാ കപ്പ് തുടുങ്ങും മുമ്പ് തന്നെ അര്‍ഷ്ദീപ് സിംഗിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. കാരണം, ഇന്ത്യക്ക് രണ്ടാമതൊരു സ്പെഷ്യലിസ്റ്റ് പേസറുടെ ആവശ്യം വരുന്ന സാഹചര്യം എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാം.അത്തരം സമ്മര്‍ദ്ദഘട്ടത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ പന്തേല്‍പ്പിക്കാനാവുമോ. ആ സാഹചര്യത്തില്‍ ആറ് യോര്‍ക്കറുകളെറിയാന്‍ ഹാര്‍ദ്ദിക്കിനാവുമോ. അല്ലെങ്കില്‍ ശിവം ദുബെക്ക് തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാനാകുമോ എന്നതാണ് വലിയ ചോദ്യമെന്ന് പത്താന്‍ സോണി സ്പോര്‍ട്സിനോട് പറഞ്ഞു.
ടീമില്‍ മാറ്റം വരുത്താന്‍ സാധ്യത കുറവ്
എന്നാല്‍ ബാറ്റിംഗ് കരുത്തിനെ ബാധിക്കുമെന്നതിനാല്‍ ഇന്ത്യയുടെ വിജയിച്ച ടീമിനെ മാറ്റുക എളുപ്പമല്ലെന്നും പത്താന്‍ പറഞ്ഞു. അര്‍ഷ്ദീപിനെ അവഗണിക്കുന്നത് ഒരു പ്രശ്നമാണെങ്കിലും ഈ ടീമില്‍ എങ്ങനെ ഉള്‍ക്കൊളിക്കുമെന്നതും തലവേദനയാണ്. കാരണം, ജയിച്ചുകൊണ്ടിരിക്കുന്ന ടീമില്‍ മാറ്റം വരുത്താന്‍ ടീം മാനേജ്മെന്‍റ് തയാറാവില്ല. അതുപോലെ ഒരു ബാറ്റര്‍ക്ക് പകരം ഒരു ബൗളറെ കളിപ്പിപ്പിക്കാനും ടീം തയാറാവില്ല. ചില കടുത്ത തീരുമാനങ്ങള്‍ അപ്പോള്‍ എടുക്കേണ്ടിവരും. എന്നാല്‍ താനായിരുന്നെങ്കില്‍ അര്‍ഷ്ദീപിനെ കളിപ്പിക്കുമായിരുന്നുവെന്നും ഇര്‍ഫാൻ പത്താന്‍ പറഞ്ഞു.
ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന അര്‍ഷ്ദീപ് ഒമാനെതിരെ കളിച്ചെങ്കിലും നാലോവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. ഇതോടെ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും അര്‍ഷ്ദീപ് സ്വന്തമാക്കിയിരുന്നു.


