ആയിരത്തിലേറെ ദിവസത്തെ സെഞ്ചുറിവരള്‍ച്ചയ്‌ക്ക് അറുതിവരുത്തിയ വിരാട് കോലി ടെസ്റ്റ്, ട്വന്‍റി, ഏകദിന ഫോര്‍മാറ്റുകളില്‍ പിന്നാലെ സെഞ്ചുറികള്‍ അടിച്ചെടുത്തിരുന്നു

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഓസ്‌ട്രേലിയക്ക് ശക്തമായ താക്കീതുമായി ഇന്ത്യന്‍ മുന്‍ താരവും കമന്‍റേറ്റുമായ ഇര്‍ഫാന്‍ പത്താന്‍. സെഞ്ചുറിവരള്‍ച്ച നേരിട്ടിരുന്ന കോലിയല്ല ഇപ്പോഴത്തേത് എന്നും ഏറെ ആത്മവിശ്വാസമുള്ള കോലിയില്‍ നിന്ന് റണ്ണൊഴുക്ക് ഓസീസ് പ്രതീക്ഷിച്ചേ മതിയാകൂ എന്നും പത്താന്‍ വ്യക്തമാക്കി. രണ്ടോ മൂന്നോ വര്‍ഷം മുമ്പുള്ള കോലിയെ മനസില്‍ കണ്ട് കളിക്കാനിറങ്ങിയാല്‍ ഓസീസിന് പണി പാളും എന്ന് ഇര്‍ഫാന്‍ പത്താന്‍ മുന്നറിയിപ്പ് നല്‍കുന്നു. 

'ഇത് വളരെ വ്യത്യസ്‌തനായ വിരാട് കോലിയാണ്. ഏറെ റണ്‍സ് സ്കോര്‍ ചെയ്‌ത താരം. അക്കാര്യത്തില്‍ സംശയം വേണ്ട. ഏകദിനത്തിലും ടെസ്റ്റിലും ട്വന്‍റി 20യിലും അദേഹം സെ‌ഞ്ചുറി നേടി. സെഞ്ചുറിവരള്‍ച്ച മറന്നു. വിരാട് കോലിയെ പോലൊരു താരം എപ്പോഴും ആത്മവിശ്വാസമുള്ളയാളാണ്. രാജ്യാന്തര ക്രിക്കറ്റില്‍ വെറുതെയങ്ങ് 25000ത്തിലേറെ റണ്‍സ് കണ്ടെത്താന്‍ കഴിയില്ല. തന്‍റെ കഴിവിലുള്ള വിശ്വാസം കൊണ്ടാണ് കോലിക്ക് ഇത് സാധിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഓസ്ട്രേലിയക്ക് എതിരെ കോലി ഇറങ്ങുന്ന നാലാം നമ്പര്‍ ടീം ഇന്ത്യക്ക് ഏറെ നിര്‍ണായകമാകും' എന്നും ഇര്‍ഫാന്‍ പത്താന്‍ സ്റ്റാര്‍ സ്പോര്‍ട്‌സില്‍ പറഞ്ഞു. 

ആയിരത്തിലേറെ ദിവസത്തെ സെഞ്ചുറിവരള്‍ച്ചയ്‌ക്ക് അറുതിവരുത്തിയ വിരാട് കോലി ടെസ്റ്റ്, ട്വന്‍റി, ഏകദിന ഫോര്‍മാറ്റുകളില്‍ പിന്നാലെ സെഞ്ചുറികള്‍ അടിച്ചെടുത്തിരുന്നു. അടുത്തിടെ അവസാനിച്ച ഐപിഎല്ലില്‍ 639 റണ്‍സുമായി സീസണിലെ ഉയര്‍ന്ന നാലാമത്തെ റണ്‍വേട്ടക്കാരനായി. ഇത്തവണത്തെ ഐപിഎല്ലിലും കോലിയുടെ വക സെ‌ഞ്ചുറിയുണ്ടായിരുന്നു. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ക്യാപ്റ്റനായിരുന്ന കോലിക്ക് കീഴില്‍ ഇന്ത്യ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു. എന്നാല്‍ ഇത്തവണ മികച്ച ഫോമിനൊപ്പം ക്യാപ്റ്റന്‍റെ ഭാരം ഇല്ലാതെ കൂടിയാണ് കോലി ഓസീസിനെതിരെ കലാശപ്പോരിന് ഇറങ്ങുന്നത്. 

ഓവലില്‍ ജൂണ്‍ ഏഴാം തിയതി മുതലാണ് ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍. ടെസ്റ്റില്‍ ഓസീസിനെതിരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് കോലി. 24 മത്സരങ്ങളില്‍ 48.27 ശരാശരിയില്‍ 8 സെഞ്ചുറികള്‍ അടക്കം കോലിക്ക് 1979 റണ്‍സുണ്ട്. ഐപിഎല്ലിലെ മികച്ച ഫോമിന്‍റെ ആത്മവിശ്വാസത്തിലാണ് കോലി ഓവലിലെ ഫൈനലില്‍ ഇറങ്ങുക. 

Read more: ഐപിഎല്‍ ഇന്ത്യന്‍ താരങ്ങളെ ക്ഷീണിതരാക്കി എന്ന് പോണ്ടിംഗ്; വായടപ്പിച്ച് ഇതിഹാസങ്ങള്‍