Asianet News MalayalamAsianet News Malayalam

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോറ്റാല്‍ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി തെറിക്കുമോ?

നിലവില്‍ മുപ്പത്തിയാറുകാരനായ ഹിറ്റ്‌മാന്‍റെ ഫിറ്റ്‌നസും ഫോമും അദേഹത്തെ എത്രകാലം ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തും എന്ന് കണ്ടറിയണം

Is it Team India have new Test captain after WTC Final 2023 jje
Author
First Published Jun 2, 2023, 10:11 PM IST

ലണ്ടന്‍: ഓവല്‍ വേദിയാകുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഒരുക്കങ്ങളിലാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടില്‍ ഇതിനകം പരിശീലനം സജീവമാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ്മയും കൂട്ടരും. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെ മേല്‍നോട്ടത്തിലാണ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം പുതിയ ക്യാപ്റ്റനിലേക്ക് ബിസിസിഐയുടെ സെലക്‌ടര്‍മാര്‍ ഉറ്റുനോക്കുമോ എന്ന ചോദ്യം സജീവമാണ്. ഓസീസിനെതിരായ ഫൈനലിന് ശേഷം വിന്‍ഡീസ് പര്യടനമാണ് ഇന്ത്യന്‍ ടീമിന് വരാനിരിക്കുന്നത്. ഒക്ടോബറിലെ ഏകദിന ലോകകപ്പിന് ശേഷം എന്താകും രോഹിത്തിന്‍റെ ക്രിക്കറ്റ് ഭാവി എന്നതും, താരത്തിന് അടിക്കടി പരിക്കുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ക്യാപ്റ്റന്‍സി ചര്‍ച്ചകള്‍ നടക്കുന്നത്. 

ടെസ്റ്റില്‍ പ്രായം രോഹിത് ശര്‍മ്മയ്‌ക്ക് വെല്ലുവിളിയായേക്കാം. നിലവില്‍ മുപ്പത്തിയാറുകാരനായ ഹിറ്റ്‌മാന്‍റെ ഫിറ്റ്‌നസും ഫോമും അദേഹത്തെ എത്രകാലം ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തും എന്ന് കണ്ടറിയണം. എന്നാല്‍ പുതിയ ടെസ്റ്റ് ക്യാപ്റ്റനെ നിയമിക്കാന്‍ ബിസിസിഐക്ക് തിടുക്കമൊന്നുമില്ല. അതിനുള്ള കാരണങ്ങള്‍ ബിസിസിഐ വ്യക്തമാക്കുന്നുണ്ട്. 'ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് വളരെ ഉചിതനാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫലം എന്തായാലും രോഹിത് ക്യാപ്റ്റന്‍സിയില്‍ തുടരും. എന്നാല്‍ അദേഹം എത്രകാലം കളി തുടരും എന്ന് നമുക്കറിയില്ല. രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയെ കുറിച്ച് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ ലോകകപ്പിന് ശേഷം രോഹിത്തുമായി ചര്‍ച്ചയുണ്ടാകും' എന്നും ബിസിസിഐ ഒഫീഷ്യല്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞു. 

ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹാര്‍ദിക് പാണ്ഡ്യയായിരിക്കും അടുത്ത ട്വന്‍റി 20 ക്യാപ്റ്റന്‍ എന്നുറപ്പാണ്. ഇതിനകം ടി20 നയിക്കാനുള്ള അവസരം സെലക്‌ടര്‍മാര്‍ ഹാര്‍ദിക്കിന് നല്‍കി. 2024ലെ ടി20 ലോകകപ്പില്‍ രോഹിത്തുണ്ടാകുമോ എന്നത് ആ വര്‍ഷത്തെ ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും. അവസാന രണ്ട് വര്‍ഷം ടീം ഇന്ത്യ 19 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ അതില്‍ എട്ടും രോഹിത്തിന് പരിക്ക് കാരണം നഷ്‌ടമായിരുന്നു. ഇതാണ് രോഹിത്തിന് മുന്നിലുള്ള വെല്ലുവിളി. രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ടീമിന് ഏഷ്യാ കപ്പും ടി20 ലോകകപ്പും ജയിക്കാനായില്ല. അതേസമയം കെ എല്‍ രാഹുലും റിഷഭ് പന്തും ജസ്‌പ്രീത് ബുമ്രയും പരിക്കിനോട് പടവെട്ടുകയാണ് എന്നതിനാല്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത്തിന് കുറച്ചുകൂടി മാസങ്ങള്‍ ലഭിക്കാനുള്ള സാധ്യതയും മുന്നില്‍ നിലനില്‍ക്കുന്നുണ്ട്.

Read more: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വന്‍ താരപ്പോരാകും; ഇവരെ നോക്കിവച്ചോളൂ

Follow Us:
Download App:
  • android
  • ios