ടെസ്റ്റ് ടീം താരമായ ചേതേശ്വര്‍ പൂജാരയെ ടീമിലെടുത്തത് അദ്ദേഹത്തോടുള്ള ആദരവുകൊണ്ടു മാത്രമല്ലെന്നും പൂജാരയെപ്പോലെ മികച്ച ടെക്നിക്കുള്ള കളിക്കാര്‍ക്ക് ടീമിനായി മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു

ചെന്നൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച എം എസ് ധോണി ഇത്തവണ ഐപിഎല്ലില്‍ നിന്നും വിടവാങ്ങുമോ എന്ന ആകാംക്ഷയിലും ആശങ്കയിലുമാണ് ചെന്നൈ ആരാധകര്‍. എന്നാല്‍ ആരാധകരുടെ ആകാംക്ഷകള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്‍റെ സിഇഒ ആയ കാശി വിശ്വനാഥന്‍.

ധോണി ഈ സീസണോടെ വിരമിക്കില്ലെന്ന് കാശി വിശ്വനാഥന്‍ പറഞ്ഞു. എന്നാല്‍ ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും എന്തായാലും ടീം ധോണിയല്ലാതെ മറ്റൊരു താരത്തെ നോക്കുന്നില്ലെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു. ചെന്നൈ ടീം ഇത്തവണ മികച്ച പ്രകടനം നടത്തുമെന്നും കാശി വിശ്വനാഥൻ വ്യക്തമാക്കി.

ടെസ്റ്റ് ടീം താരമായ ചേതേശ്വര്‍ പൂജാരയെ ടീമിലെടുത്തത് അദ്ദേഹത്തോടുള്ള ആദരവുകൊണ്ടു മാത്രമല്ലെന്നും പൂജാരയെപ്പോലെ മികച്ച ടെക്നിക്കുള്ള കളിക്കാര്‍ക്ക് ടീമിനായി മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു. ആദ്യ മത്സരത്തിലോ രണ്ടാമത്തെ മത്സരത്തിലോ പൂജാര കളിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെങ്കിലും അദ്ദേഹം ടീമിന്‍റെ പ്രധാന അംഗമാണെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു.

ശനിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ ചെന്നൈക്ക് പ്ലേ ഓഫില്‍ എത്താനായിരുന്നില്ല.