ബംഗളൂരു: ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കപ്പെടുന്ന രണ്ട് വിക്കറ്റ് കീപ്പര്‍മാരണ് മലയാളി താരം സഞ്ജും സാംസണും ഇഷാന്‍ കിഷനും. മോശം ഫോമില്‍ കളിക്കുന്ന ഋഷഭ് പന്തിന് പകരമായിട്ടാണ് ഇരുവരേയും പരിഗണിക്കുന്നത്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി ഇരുവരും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. 

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി സഞ്ജുവും ഝാര്‍ഖണ്ഡിനായി കിഷനും കളിക്കുന്നുണ്ട്. എന്നാല്‍ ഇരുവരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇരുവരുടെയും ടീമുകള്‍ തോല്‍ക്കുകയും ചെയ്തു. കേരളത്തിന് വേണ്ടി നാലാമതായിട്ടാണ് സഞ്ജു ക്രീസിലെത്തിയത്. 95ന് മൂന്ന് എന്ന നിലയിലായിരുന്നു കേരളം. എന്നാല്‍ 21 പന്തുകള്‍ നേരിട്ട സഞ്ജുവിന് 16 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഒരു സിക്‌സ് നേടി മികച്ച പ്രകടനത്തിന്റെ സൂചന നല്‍കിയെങ്കിലും നിരാശപ്പെടുത്തി. 

കര്‍ണാടകയ്‌ക്കെതിരെ  ഝാര്‍ഖണ്ഡിന്റെ ഓപ്പണറായിരുന്നു ഇഷാന്‍ കിഷന്‍. എന്നാല്‍ ഏഴാം ഓവറില്‍ താരം പുറത്തായി. അഭിമന്യൂ മിഥുന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു കിഷന്‍. 15 പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെയാണ് കിഷന്‍ 11 റണ്‍സ് നേടിയത്. ടീമിന്റെ ക്യാപ്റ്റനും ഇഷാന്‍ കിഷനാണ്.

മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ കെ എല്‍ രാഹുല്‍ കര്‍ണാടകയുടെ ഓപ്പണിങ് റോളിലുണ്ട്. 51 പന്ത് നേരിട്ട താരം 29 റണ്‍സ് മാത്രമാണ് നേടിയത്. ഒരു ഫോര്‍ മാത്രമാണ് രാഹുലിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ ടീമില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തും വിജയ് ഹസാരെ ട്രോഫി കളിക്കുന്നുണ്ട്. ഡല്‍ഹിക്കായിട്ടാണ് താരം പാഡ് കെട്ടുക.