ഓപ്പണറായി എത്തിയ ഇഷാന്‍ 32 പന്തില്‍ 56 റണ്‍സാണ് നേടിയത്. മത്സരശേഷം തന്നെ സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞ താരം അര്‍ധ സെഞ്ചുറി മറ്റൊരു വ്യക്തിക്ക് സമര്‍പ്പിച്ചു.  

അഹമ്മദാബാദ്: ഇന്ത്യന്‍ ജേഴ്‌സിയില്‍ ഗംഭീര അരങ്ങേറ്റമായിരുന്നു ഇഷാന്‍ കിഷന്റേത്. ആദ്യ മത്സത്തില്‍ തന്നെ താരം മാന്‍ ഓഫ് ദ മാച്ച് സ്വന്തമാക്കി. ഓപ്പണറായി എത്തിയ ഇഷാന്‍ 32 പന്തില്‍ 56 റണ്‍സാണ് നേടിയത്. മത്സരശേഷം തന്നെ സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞ താരം അര്‍ധ സെഞ്ചുറി മറ്റൊരു വ്യക്തിക്ക് സമര്‍പ്പിച്ചു. 

തന്റെ പരിശീലകന്റെ അച്ഛനാണ് ഇഷാന്‍ അര്‍ധ സെഞ്ചുറി സമര്‍പ്പിച്ചത്. അദ്ദേഹം അടുത്തിടെ മരണപ്പെട്ടിരുന്നു. ഇഷാന്‍ പറയുന്നതിങ്ങനെ... ''ഇത് ഞാന്‍ എന്റെ കോച്ചിന് നല്‍കിയ വാക്കായിരുന്നു. എന്റെ അച്ഛന് വേണ്ടി ആദ്യ മത്സരത്തില്‍ ഒരു അര്‍ധ സെഞ്ചുറിയെങ്കിലും നേടണമെന്ന് പരിശീലകന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം നിറവേറ്റാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.'' ഇഷാന്‍ പറഞ്ഞു. 

അതോടൊപ്പം മുംബൈ ഇന്ത്യന്‍സിലെ സീനിയര്‍ താരങ്ങള്‍ ഒരുപാട് സഹായിച്ചെന്നും ഇഷാന്‍ വ്യക്തമാക്കി. ''ഐപിഎല്‍ ലോകോത്തര ബൗളര്‍മാരെ നേരിട്ടത് ഏറെ ഗുണം ചെയ്തു. മാത്രമല്ല, നെറ്റ്‌സില്‍ ട്രന്റ് ബൗള്‍ട്ട്, ജസ്പ്രിത് ബുംമ്ര എന്നിവര്‍ക്കെതിരെ കളിക്കാന്‍ കഴിഞ്ഞതും ആത്മവിശ്വാസം വര്‍ധിപ്പിച്ചു. 

അവര്‍ക്കെതിരെ ബാറ്റ് വീശിയത് ഇപ്പോള്‍ കരുത്തായി മാറിയെന്നാണ് ഞാന്‍ കരുതുന്നത്. ദേശീയ ജേഴ്‌സിയല്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ക്രീസിലെത്തിയപ്പോള്‍ സമ്മര്‍ദ്ദമെല്ലാം മാഞ്ഞുപോയി. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിച്ചത്.'' ഇഷാന്‍ വ്യക്തമാക്കി. 

എന്നാല്‍ ജയിക്കുന്നവരേയും ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത് നിരാശയുണ്ടാക്കിയെന്നും ഇഷാന്‍ മത്സരത്തിന് ശേഷം പറഞ്ഞു. അഞ്ച് ഫോറും നാല് സിക്സും സഹിതതമാണ് ഇഷാന്‍ 56 റണ്‍സ് നേടിയത്.