ചേപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ 5 വിക്കറ്റിനായിരുന്നു ഹൈദരാബാദിന്‍റെ ജയം.
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലാക്കി സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിലേക്ക് മാര്‍ച്ച് ചെയ്തതിന് പിന്നാലെ ചെന്നൈ ആരാധകരെ ചൊടിപ്പിച്ച് ഹൈദരാബാദ് താരം ഇഷാന്‍ കിഷന്‍. ചേപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ 5 വിക്കറ്റിനായിരുന്നു ഹൈദരാബാദിന്‍റെ ജയം. ചെന്നൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കിനിൽക്കെ ഹൈദരാബാദ് മറികടന്നു. ഈ വിജയത്തോടെ ഹൈദരാബാദിനൊപ്പം ഗുജറാത്ത് ടൈറ്റൻസും ഔദ്യോഗികമായി പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കി.

47 പന്തിൽ 70 റൺസുമായി ഹൈദരാബാദിന്‍റെ ടോപ് സ്കോററായ ഇഷാൻ കിഷനായിരുന്നു കളിയിലെ താരമായത്. മത്സരം ജയിച്ചതിന് പിന്നാലെ ഗ്യാലറിയിലെ സിഎസ്‌കെ ആരാധകര്‍ക്കുനേരെ ‘വിസിൽ പോട്’ ആംഗ്യം കാണിച്ച ഇഷാന്‍ കിഷന്‍ തൊട്ടുപിന്നാലെ സ്റ്റേഡിയത്തിന്‍റെ എക്സിറ്റ് ഗേറ്റുകളിലേക്ക് വിരൽ ചൂണ്ടി ‘ഇനി എല്ലാവരും വീട്ടിൽ പോയി വിസിലടിക്കൂ’ എന്ന് ആംഗ്യം കാണിച്ചാണ് കാണികളെ പ്രകോപിപ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈക്ക് തുടക്കം മുതലേ താളം കണ്ടെത്താനായില്ല. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് കടുത്ത സമ്മർദ്ദത്തിലാണ് ബാറ്റ് വീശിയത് (21 പന്തിൽ 15 റൺസ്, പൂജ്യം ബൗണ്ടറി). എന്നാൽ മധ്യനിരയിൽ 27 പന്തിൽ 44 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസിന്‍റെ വെടിക്കെട്ട് ഇന്നിങ്സാണ് ചെന്നൈയെ 180/7 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഹൈദരാബാദിനായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 3 വിക്കറ്റുകൾ വീഴ്ത്തി.
181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനെ തുടക്കത്തിൽ മികച്ച ബൗളിംഗിലൂടെ ചെന്നൈ സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ ഇഷാൻ കിഷനും ഹെൻറിച്ച് ക്ലാസനും (26 പന്തിൽ 47 റൺസ്) ഒത്തുചേർന്നതോടെ കളി മാറി. ഇരുവരും ചേർന്നുള്ള 75 റൺസിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് സിഎസ്‌കെയുടെ കൈകളിൽ നിന്ന് മത്സരം തട്ടിയെടുത്തത്. തോൽവിയോടെ 12 പോയിന്‍റുള്ള ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ കനത്ത പ്രതിസന്ധിയിലായി. ചെന്നൈക്ക് ഇനി പ്ലേ ഓഫിൽ കയറണമെങ്കിൽ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കുകയും അവസാന മത്സരത്തില്‍ ഗുജറാത്തിനെ വന്‍മാര്‍ജിനില്‍ തോല്‍പിക്കുകയും വേണം.
