2023ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ അവസാനമായി ഏകദിന ടീമില്‍ കളിച്ചശേഷം സഞ്ജുവിനെ ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉത്തപ്പയുടെ തെരഞ്ഞെടുപ്പ് ആരാധകരെ അമ്പരപ്പിക്കുന്നത്.
ബെംഗളൂരു: അടുത്തവര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. രോഹിത് ശര്‍മയും വിരാട് കോലിയും സ്ഥാനം നിലനിര്‍ത്തുമോ പേസര്‍മാരായി ആരൊക്കെയെത്തും എന്നെല്ലാമുള്ള ചര്‍ച്ചകളിലാണ് ആരാധകരിപ്പോള്‍. എന്നാല്‍ ഇതിനിടെ അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ.
വിരാട് കോലിക്കും രോഹിത് ശര്‍മക്കും ടീമില്‍ ഇടം നല്‍കിയതിനൊപ്പം വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെയും ഉത്തപ്പ ടീമില്‍ ഉള്‍പ്പെടുത്തിയെന്നതാണ് ശ്രദ്ധേയം. നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജുവിന് ഇടമില്ല. കെ എല്‍ രാഹുല്‍ ടീമിന്‍റെ ഒന്നാം വിക്കറ്റ് കീപ്പറാകുമ്പോള്‍ ഇഷാന്‍ കിഷനാണ് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലുള്ളത്. 2023ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ അവസാനമായി ഏകദിന ടീമില്‍ കളിച്ചശേഷം സഞ്ജുവിനെ ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉത്തപ്പയുടെ തെരഞ്ഞെടുപ്പ് ആരാധകരെ അമ്പരപ്പിക്കുന്നത്.
ഈ വര്‍ഷത്തെ ടി20 ലോകകപ്പ് വിജയത്തില്‍ ഇന്ത്യയുടെ ഹീറോ ആയെങ്കിലും സഞ്ജുവിന് നിലവിൽ ടി20 ടീമില്‍ പോലും സ്ഥാനം ഉറപ്പ് പറയാനാവില്ല. വൈഭവ് സൂര്യവംശിയുടെ വരവോടെ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് സഞ്ജുവിന് വിശ്രമം നല്‍കിയിരുന്നു. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി സ്ഥാനം ഉറപ്പിച്ചാല്‍ ടി20 ടീമിലും സഞ്ജുവിന് സ്ഥാനം നഷ്ടമാകും. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഉത്തപ്പ സഞ്ജുവിനെ ഏകദിന ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സഞ്ജുവിന്‍റെ ബാറ്റിംഗ് ശൈലി ഏകദിന ക്രിക്കറ്റിനാണ് കൂടുതല്‍ അനുയോജ്യമെന്നും നിരീക്ഷണമുണ്ട്.
ദീര്‍ഘകാലമായി ടീമിലില്ലാത്ത പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും ഉത്തപ്പ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയെന്നത് ശ്രദ്ധേയമാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഉത്തപ്പ തെരഞ്ഞെടുത്ത ടീമിലെ മറ്റ് പേസര്‍മാര്‍. ബാറ്റിംഗ് നിരയില്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, വൈഭവ് സൂര്യവംശി, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നവരുള്ളപ്പോള്‍ ഓൾ റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരെയാണ് ഉത്തപ്പ ടീമിലെടുത്തത്.
റോബിന്‍ ഉത്തപ്പ തെരഞ്ഞെടുത്ത 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യര്‍, വൈഭവ് സൂര്യവംശി, കെ എല്‍ രാഹുൽ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേല്‍, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
