ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ശ്രേയസ് അയ്യർ ഇന്ത്യയെ നയിക്കും. ടെസ്റ്റ് പരമ്പരയ്ക്കായി പ്രധാന താരങ്ങൾ മടങ്ങിയതോടെ ഇഷാൻ കിഷൻ ഓപ്പണറായി എത്തും.

മൗണ്ട് മൗംഗനൂയി: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങും. ബേ ഓവലിൽ ഇന്ത്യൻ സമയം രാവിലെ 7:30-നാണ് മത്സരം ആരംഭിക്കുന്നത്. നവംബർ 19-ന് ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾക്കായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ, അൻഷുൽ കംബോജ് എന്നിവർ വെല്ലിംഗ്ടണിലേക്ക് തിരിച്ചതോടെ, ശ്രേയസ് അയ്യരാണ് നാലാം ഏകദിനത്തിൽ ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായ ശ്രേയസ്, ആദ്യമായാണ് ഏകദിനത്തിൽ ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുക്കുന്നത്.

പ്ലേയിംഗ് ഇലവനിൽ അഴിച്ചുപണി

ആദ്യ മൂന്ന് ഏകദിനങ്ങളിലും കളിച്ച ഗിൽ, രാഹുൽ, കംബോജ് എന്നിവർ ടെസ്റ്റ് സ്ക്വാഡിനൊപ്പം ചേർന്നതിനാൽ ഇന്ത്യൻ ടീമിൽ കുറഞ്ഞത് മൂന്ന് മാറ്റങ്ങളെങ്കിലും ഉറപ്പാണ്. ഇവരുടെ പകരക്കാരായി തിലക് വർമ്മ, കുമാർ കുശാഗ്ര, യഷ് താക്കൂർ എന്നിവരെ അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇഷാൻ കിഷൻ ഓപ്പണറാകും

ആദ്യ മൂന്ന് മത്സരങ്ങളിലും ബെഞ്ചിലിരുന്ന ഇഷാൻ കിഷൻ നാലാം ഏകദിനത്തിൽ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 2026-ൽ ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായ ഇഷാൻ, മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ഏകദിനത്തിൽ ഓപ്പണറായി ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഇഷാൻ. കെ.എൽ. രാഹുലിന്‍റെ അഭാവത്തിൽ വിക്കറ്റ് കീപ്പറുടെ ചുമതലയും ഇഷാൻ നിർവഹിക്കും.

അഞ്ചാം നമ്പറിനായി തിലകും ഗെയ്‌ക്‌വാദും തമ്മിൽ പോരാട്ടം

മധ്യനിരയിൽ അഞ്ചാം നമ്പർ സ്ഥാനത്തിനായി തിലക് വർമ്മയും റുതുരാജ് ഗെയ്‌ക്‌വാദും തമ്മിലാണ് പ്രധാന മത്സരം. നിലവിലെ പര്യടനത്തിലെ അഞ്ച് ടി20 മത്സരങ്ങളിലും കളിച്ച തിലക്, ന്യൂസിലൻഡ് എ-യ്ക്കെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റിൽ അർധസെഞ്ച്വറി നേടി തിളങ്ങിയിരുന്നു. മറുവശത്ത്, 2026 ഒക്ടോബറിൽ മുള്ളൻപൂരിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന തന്‍റെ അവസാന ഏകദിനത്തിൽ അർധസെഞ്ച്വറി നേടിയശേഷം ഗെയ്‌ക്‌വാദിന് അവസരങ്ങള്‍ ലഭിച്ചിട്ടില്ല. എങ്കിലും നിലവിലെ സാഹചര്യത്തിൽ ഇടം കൈയന്‍ ബാറ്ററെന്ന നിലയില്‍ തിലകിനാണ് കൂടുതൽ സാധ്യത.

സിറാജും കുൽദീപും തിരിച്ചെത്തുമോ?

ആദ്യ മൂന്ന് മത്സരങ്ങളിലും സ്ക്വാഡിലുണ്ടായിരുന്നിട്ടും സീനിയർ താരങ്ങളായ മുഹമ്മദ് സിറാജിനും കുൽദീപ് യാദവിനും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. അൻഷുൽ കംബോജ് മടങ്ങിയതോടെ ഇവരിലൊരാൾ ടീമിലെത്തുമെന്ന് ഉറപ്പാണ്. അക്വിബ് നബി, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിംഗ് എന്നിവരിലൊരാൾക്ക് വിശ്രമം നൽകാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചാൽ സിറാജും കുൽദീപും ഒരുമിച്ച് കളിക്കാനും സാധ്യതയുണ്ട്. പര്യടനത്തിലെ എട്ട് മത്സരങ്ങളിലും കളിച്ച അർഷ്ദീപിന് ഹാമിൽട്ടണിൽ മഴ കാരണം ഉപേക്ഷിച്ച മൂന്നാം ഏകദിനത്തിൽ പന്തെറിയാൻ അവസരം ലഭിച്ചിരുന്നില്ല. അതേസമയം, കരിയറിലാദ്യമായി ഇന്ത്യൻ ഏകദിന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുമാർ കുശാഗ്രയ്ക്കും യഷ് താക്കൂറിനും വെള്ളിയാഴ്ചത്തെ മത്സരത്തിൽ അരങ്ങേറ്റത്തിന് സാധ്യത കുറവാണ്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

നാലാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, നമൻ ധിർ, അക്സർ പട്ടേൽ, അക്വിബ് നബി, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

YouTube video player