ബാംഗ്ലൂര്‍: ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ശുഭവാര്‍ത്ത. ഐപിഎല്ലിനിടെ പരിക്കേറ്റ പേസര്‍ ഇഷാന്ത് ശര്‍മ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം പുനരാരംഭിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷന്‍ രാഹുല്‍ ദ്രാവിഡിന്‍റെ മേല്‍നോട്ടത്തിലാണ് ഇഷാന്ത് ബൗളിംഗ് പരിശീലനം പുനരാരംഭിച്ചത്.

ദ്രാവിഡിന്‍റെയും ഫിസിയോ ആശിഷ് കൗശിക്കിന്‍റെയും മേല്‍നോട്ടത്തില്‍ ഇഷാന്ത് പൂര്‍ണമായ തോതില്‍ ബൗളിംഗ് പരിശീലനം നടത്തുന്ന വീഡിയോ ക്രിക്ക് ഇന്‍ഫോ പുറത്തുവിട്ടു. പരിക്കിന്‍റെ യാതൊരു ലക്ഷണങ്ങളുമില്ലാതെയാണ് ഇഷാന്ത് പന്തെറിയുന്നത്.

17ന് തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇഷാന്ത് കായികക്ഷമത തെളിയിച്ചാല്‍ ടീമിലുള്‍പ്പെടുത്തുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാനായാല്‍ ഇഷാന്തിന് കപില്‍ ദേവിനുശേഷം 100 ടെസ്റ്റ് കളിക്കുന്ന രണ്ടാമത്തെ പേസറെന്ന നേട്ടം സ്വന്തമാക്കാനാവും.