ദുബായ്: ഐഎസ്‌എൽ ആറാം സീസണ് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ സന്നാഹമത്സരത്തിനിറങ്ങും. യുഎഇയിൽ നടക്കുന്ന മത്സരത്തിൽ ദിബ്ബ അൽ ഫുജൈറയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികൾ. ഇന്ത്യൻ ടീമിലുള്ള നായകന്‍ സന്ദേശ് ജിംഗാൻ, മിഡ്ഫീൽഡർ സഹൽ അബ്‌ദുൽ സമദ് എന്നിവരൊഴികെയുള്ളവരെല്ലാം യുഎഇയിൽ എത്തിയിട്ടുണ്ട്. 

പുതിയ കോച്ച് എൽകോ ഷാറ്റോറിക്ക് കീഴിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരമാണിത്. സ്‌ട്രൈക്കർ ബാത്തർലോമിയോ ഒഗ്‌ബചെയാണ് ഈ സീസണിലെ പ്രധാന താരം. മുഹമ്മദ് റാഫി, കെ പി രാഹുൽ, അ‍ർജുൻ ജയരാജ്, അബ്ദുൽ ഹക്കു, ടി പി രഹനേഷ്, ഷിബിൻ രാജ് എന്നീ മലയാളി താരങ്ങളും ടീമിലുണ്ട്. സെപ്റ്റംബർ 27 വരെ നാല് സന്നാഹമത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് യുഎഇയിൽ കളിക്കുക. 

ഒക്‌ടോബർ ഇരുപതിന് ബ്ലാസ്റ്റേഴ്‌‌സ്- എടികെ പോരാട്ടത്തോടെയാണ് ഐഎസ്എൽ സീസണ് തുടക്കമാവുക. കൊച്ചിയിലാണ് ഉദ്ഘാടന മത്സരം.