Asianet News MalayalamAsianet News Malayalam

ഐപിഎൽ ഫൈനലിന്‍റെ തനിയാവര്‍ത്തനമായി പിഎസ്എല്‍ ഫൈനലും, അവസാന പന്തില്‍ ബൗണ്ടറി; ഇസ്ലാബാമാബാദ് യുണൈറ്റഡിന് കിരീടം

ആദ്യം ബാറ്റ് ചെയ്ത മുള്‍ട്ടാന്‍ സുല്‍ത്താന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ഇസ്ലാമാബാദ് യുണൈറ്റഡ് അവസാന പന്തിലാണ് ലക്ഷ്യത്തിലെത്തിയത്.

Islamabad United beat Multan Sultans in last ball thriller to win PSL Trophy
Author
First Published Mar 19, 2024, 10:28 AM IST

കറാച്ചി: കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ഫൈനലിന്‍റെ തനിയാവര്‍ത്തനമായി ഇത്തവണത്തെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ പോരാട്ടം. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലില്‍ അവസാന പന്തില്‍ ബൗണ്ടറി നേടിയ രവീന്ദ്ര ജഡേജ ചെന്നൈക്ക് കിരീടം സമ്മാനിച്ചപ്പോള്‍ ഹുനൈന്‍ ഷായുടെ അവസാന പന്തിലെ ബൗണ്ടറിയോടെ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ വീഴ്ത്തി ഇസ്ലാമാബാദ് യുനൈറ്റഡ് കിരീടം നേടി.

ആദ്യം ബാറ്റ് ചെയ്ത മുള്‍ട്ടാന്‍ സുല്‍ത്താന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ഇസ്ലാമാബാദ് യുണൈറ്റഡ് അവസാന പന്തിലാണ് ലക്ഷ്യത്തിലെത്തിയത്. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്‍റെ മുഹമ്മദ് അലി എറിഞ്ഞ അവസാന ഓവറില്‍ എട്ട് റണ്‍സായിരുന്നു ഇസ്ലാമാബാദ് യുനൈറ്റഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.  മുഹമ്മദ് അലിയുടെ ആദ്യ പന്ത് തന്നെ നസീം ഷാ ബൗണ്ടറി കടത്തിയതോടെ ഇസ്ലാമാബാദ് അനായാസം ജയത്തിലെത്തുമെന്ന് തോന്നിച്ചു. എന്നാല്‍ അടുത്ത മൂന്ന് പന്തിലും സിംഗിളുകള്‍ മാത്രമാണ് ഇസ്ലാമാബാദിന് നേടാനായത്. അതോടെ ലക്ഷ്യം രണ്ട് പന്തില്‍ ഒരു റണ്‍സായി. എന്നാല്‍ നിര്‍ണായക അഞ്ചാം പന്തില്‍ നസീം ഷായെ മുഹമ്മദ് അലി പുറത്താക്കിയതോടെ ലക്ഷ്യം ഒരു പന്തില്‍ ഒരു റണ്ണായി. മുഹമ്മദ് അലിയുടെ അവസാന പന്ത് തേര്‍ഡ്മാന്‍ ബൗണ്ടറിയിലേക്ക് പായിച്ച് ഹുനൈന്‍ ഷാ ഇസ്ലാമാബാദിന് മൂന്നാം പിഎസ്എല്‍ കിരീടം സമ്മാനിച്ചു.

രോഹിത് ശർമയെ എന്തിന് മാറ്റിയെന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടി; ഒന്നും പറയാതെ തലയാട്ടി മുംബൈ പരിശീലകന്‍

മുഹമ്മദ് റിസ്‌വാന്‍റെ നേതൃത്വത്തിലിറങ്ങി മുള്‍ട്ടാന്‍ സുല്‍ത്താന്‍  20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് മാത്രമാണ് നേടിയത്. 40 പന്തില്‍ 57 റണ്‍സെടുത്ത ഉസ്മാന്‍ ഖാനും 20 പന്തില്‍ 32 റണ്‍സെടുത്ത ഇഫ്തിഖര്‍ അഹമ്മദും മാത്രമാണ് സുല്‍ത്താന്‍സിനായി തിളങ്ങിയത്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ 26 പന്തില്‍ 26 റണ്‍സെടുത്തു. ഇസ്ലാമാബാദ് യുനൈറ്റഡിനായി ഇമാദ് വാസിം നാലോവറില്‍ 23 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ മാര്‍ട്ടിന്‍ ഗപ്ടിലും(32 പന്തില്‍ 50) അസം ഖാനും(22 പന്തില്‍ 30), നസീം ഷായും(9 പന്തില്‍ 17), ഇമാദ് വാസിമുംൾ17 പന്തില്‍ 19) ആണ് യുനൈറ്റഡിനായി തിളങ്ങിയത്. ക്യാപ്റ്റന്‍ ഷദാബ് ഖാന്‍(8 പന്തില്‍ 4) നിരാശപ്പെടുത്തിയപ്പോള്‍ 129-7ലേക്ക് വീണ് തോല്‍വി മുന്നില്‍ക്കണ്ട യുനൈറ്റഡിന് വാലറ്റത്ത് നസീം ഷാ നടത്തിയ പോരാട്ടമാണ് കിരീടം സമ്മാനിച്ചത്. ടൂര്‍ണമെന്‍റില്‍ 14 വിക്കറ്റും 305 റണ്‍സുമെടുത്ത യുനൈറ്റഡിന്‍റെ ഷദാബ് ഖാന്‍ ആണ് ടൂര്‍ണമെന്‍റിലെ താരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios