അമ്പയര്‍ ഔട്ട് വിളിച്ചപ്പോള്‍ തന്നെ പന്ത് ഡെഡ് ആയെന്നും അതിനുശേഷവും റണ്ണിനായി ഓടിയ ബ്രെവിസിന്‍റെയും ജഡേജയുടെയും ഭാഗത്താണ് പിഴവ് സംഭവിച്ചതെന്നും സെവാഗ് ക്രിക് ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു

ബെംഗളൂരു: ഐപിഎല്ലില്‍ ഇന്നലെ നടന്ന റോയല് ചലഞ്ചേഴ്സ് ബെംഗളൂരു-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തില്‍ ചെന്നൈ താരം ഡെവാള്‍ഡ് ബ്രെവിസ് എല്‍ബി‍ഡബ്ല്യുവില്‍ പുറത്തായതില്‍ തെറ്റ് പറ്റിയത് ബ്രെവിസിന് തന്നെയെന്ന് സെവാഗ്. ചെന്നൈ ഇന്നിംഗ്സിലെ പതിനേഴാം ഓവറിലായിരുന്നു ബ്രെവിസ് അമ്പയറുടെ വിവാദ തീരുമാനത്തിലൂടെ എല്‍ബിഡബ്ല്യു ആയി പുറത്തായത്.

ആയുഷ് മാത്രെ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഡെവാള്‍ ഡെവാള്‍ഡ് ബ്രെവിസ് ആര്‍സിബി പേസര്‍ ലുങ്കി എങ്കിഡിയുടെ നേരിട്ട ആദ്യ പന്തില്‍ തന്നെ എല്‍ബിഡബ്ല്യ ആയി പുറത്താവുകയായിരുന്നു. ലെഗ് സ്റ്റംപ് ലൈനിലെത്തിയ എങ്കിഡിയുടെ ഫുള്‍ടോസ് ബ്രെവിസിന്‍റെ പാഡില്‍ തട്ടിയപ്പോള്‍ അമ്പയര്‍ നിതിൻ മേനോൻ എല്‍ബിഡബ്ല്യു ഔട്ട് വിധിച്ചു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ റണ്ണിനായി ഓടിയ ബ്രെവിസും ജഡേജയും അമ്പയര്‍ ഔട്ട് വിളിച്ചത് കണ്ട് റിവ്യു എടുത്തെങ്കിലും 15 സെക്കന്‍ഡ് സമയം കഴിഞ്ഞതിനാൽ റിവ്യു അനുവദിച്ചില്ല.

Scroll to load tweet…

റീപ്ലേകളില്‍ പന്ത് ലെഗ് സ്റ്റംപിന് പുറത്തുപോകുമെന്ന് വ്യക്തമായെങ്കിലും ബ്രെവിസിന് ഔട്ടായി മടങ്ങേണ്ടിവന്നു. രവീന്ദ്ര ജഡേജ അമ്പയറുമായി തര്‍ക്കിച്ചെങ്കിലും റിവ്യു എടുക്കാനുള്ള സമയം കഴിഞ്ഞുവെന്ന് അമ്പയര്‍ വ്യക്തമാക്കി. അമ്പയര്‍ ഔട്ട് വിളിച്ചപ്പോള്‍ തന്നെ പന്ത് ഡെഡ് ആയെന്നും അതിനുശേഷവും റണ്ണിനായി ഓടിയ ബ്രെവിസിന്‍റെയും ജഡേജയുടെയും ഭാഗത്താണ് പിഴവ് സംഭവിച്ചതെന്നും സെവാഗ് ക്രിക് ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു. എന്തുകൊണ്ടാണ് റിവ്യു എടുക്കാന്‍ വൈകിയത് എന്നത് ബ്രെവിസിന് മാത്രമെ പറയാന്‍ കഴിയു. അത് ബ്രെവിസിന്‍റെ പിഴവാണ്, അമ്പയറുടെതല്ല. ആദ്യം സിംഗിളിനായി ഓടി, പിന്നീട് ഡബിളിനും. അമ്പയർ ഔട്ട് വിളിച്ചത് അറിയാതെയാണോ റണ്ണിനായി ഓടിക്കൊണ്ടിരുന്നത്.

അമ്പയറെടുത്തത് തെറ്റായ തീരുമാനമാണെങ്കിലും അത് കൃത്യസമയത്ത് റിവ്യു ചെയ്യാതിരുന്നത് ബ്രെവിസിന്‍റെ പിഴവ് തന്നെയാണ്. അമ്പയര്‍ തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞ സമയം മുതല്‍ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ ടൈമർ ഓടുന്നുണ്ടായിരുന്നു. ഇനി അത് കണ്ടില്ലെങ്കിലും 15 സെക്കന്‍ഡ് മാത്രമെ റിവ്യു എടുക്കാനുള്ളു എന്നറിയാമായിരുന്നിട്ടും ബ്രെവിസ് എന്തുകൊണ്ട് അതിന് ശ്രമിച്ചില്ലെന്നും സെവാഗ് ചോദിച്ചു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ട് റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 15 റണ്‍സും അവസാന പന്തില്‍ നാലു റണ്‍സുമായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നത്. എന്നാല്‍ വിജയത്തിന് രണ്ട് റണ്‍സകലെ ചെന്നൈ വീണു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക