ലക്നോ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായിരുന്നു സുരേഷ് റെയ്ന. സാക്ഷാല്‍ ജോണ്ടി റോഡ്ഡ് പോലും റെയ്നയെ ഒരിക്കല്‍ ഏറ്റവും മികച്ച ഫീല്‍ഡറായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരായി കണക്കാക്കുന്നത് രവീന്ദ്ര ജഡേജയെയും ക്യാപ്റ്റന്‍ വിരാട് കോലിയെയുമാണ്. ജഡേജയെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫീല്‍ഡര്‍മാരിലൊരാളായി ജോണ്ടി റോഡ്സ് പോലും അടുത്തിടെ തെരഞ്ഞെടുത്തിരുന്നു.

എന്നാല്‍ റെയ്നയുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ജഡേജയോ കോലിയോ ഒന്നുമല്ല. അത് അജിങ്ക്യാ രഹാനെയാണ്. ക്യാച്ചുകളെടുക്കാനുള്ള രഹാനയുടെ കഴിവും ഫീല്‍ഡില്‍ നില്‍ക്കുമ്പോഴുള്ള പൊസിഷനിംഗും ഓടുമ്പോള്‍ പോലും ശരീരം വളക്കാനുള്ള കഴിവും മറ്റുള്ളവരില്‍ നിന്ന് രഹാനെയെ വ്യത്യസ്തനാക്കുന്നുവെന്ന് ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ റെയ്ന പറഞ്ഞു.
Also Read:ദൈവമേ...ആ ക്യാച്ച് അവന്‍ കൈവടിരുതേ എന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചു, ശ്രീശാന്തിന്റെ ക്യാച്ചിനെക്കുറിച്ച് ഉത്തപ്പ

സ്ലിപ്പിലും രഹാനെ മികവുറ്റ ഫീല്‍ഡറാണ്. സ്ലിപ്പില്‍ നില്‍ക്കുമ്പോള്‍ ബാറ്റ്സ്മാന്റെ ചലനങ്ങള്‍ക്ക് അനുസരിച്ച സ്വയം സ്ഥാനം ക്രമീകരിച്ച് നില്‍ക്കാനും അദ്ദേഹത്തിന് കഴിയും. ഇത്തരത്തില്‍ അദ്ദേഹം പരിശീലനം നടത്താറുമുണ്ട്. അത് മത്സരങ്ങളില്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.


ഇന്ത്യന്‍ ടീമിലായിരിക്കുമ്പോള്‍ ഒരിക്കലും തന്റെ ബാറ്റിംഗ് പൊസിഷനെപ്പറ്റി ആശങ്കപ്പെട്ടിട്ടില്ലെന്നും റെയ്ന പറഞ്ഞു. ഒരു മത്സരത്തില്‍ ധോണിക്ക് മുമ്പെ എന്നെ ബാറ്റിംഗനയച്ചു. ആ മത്സരത്തില്‍ 70-80 റണ്‍സ് ഞാന്‍ നേടി. മത്സരശേഷം ഞാന്‍ ധോണിയോട് ചോദിച്ചിരുന്നു, താങ്കള്‍ക്ക് മുമ്പെ എന്നെ എന്തിനാണ് ബാറ്റിംഗിന് വിട്ടതെന്ന്, അന്ന് ധോണി നല്‍കിയ മറുപടി, രണ്ട് ലെഗ് സ്പിന്നര്‍മാരാണ് ആ സമയം ബൗള്‍ ചെയ്തിരുന്നത് എന്നും, ലെഗ് സ്പിന്നര്‍മാരെ നന്നായി കളിക്കാന്‍ നിനക്കാവുമെന്നും ആയിരുന്നു. ഇത്തരത്തിലുള്ള നിരവധി സന്ദര്‍ഭങ്ങളുണ്ടെന്നുും റെയ്ന പറഞ്ഞു.