ബര്‍മിംഗ്ഹാമില്‍ ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ട് നാലാം ദിനം 72-3 എന്ന നിലയിലാണ് ക്രീസ് വിട്ടത്. 24 റണ്‍സോടെ ഒല്ലി പോപ്പും 15 റണ്‍സുമായി ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്.
ബര്‍മിംഗ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്‍റെ അവസാന ദിനം ആദ്യ സെഷന്‍ പൂര്‍ണമായും മഴ കൊണ്ടുപോകുമെന്ന് പ്രവചിച്ച് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. നാലാം ദിനം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ബ്രൂക്കിന്‍റെ കമന്‍റ്.
ശുഭ്മാന്‍ 450ല്‍ ഡിക്ലയര്‍ ചെയ്തുകൂടെ, അഞ്ചാം ദിനം മഴ പെയ്യും, ഉച്ചവരെ മഴ പെയ്യുമെന്നായിരുന്നു ഹാരി ബ്രൂക്ക് ക്രീസിലുള്ള ഗില്ലിനോട് പറഞ്ഞത്. എന്നാല്‍ മഴ പെയ്താല്‍ അത് ഞങ്ങളുടെ നിര്‍ഭാഗ്യമെന്നായിരുന്നു ഇതിന് ഗില്ലിന്‍റെ മറുപടി. അങ്ങനെയെങ്കില്‍ സമനില പോരെ എന്നായിരുന്നു ഹാരി ബ്രൂക്ക് ഇതിന് മറുപടി നല്‍കിയത്. ബര്‍മിംഗ്ഹാമില്‍ ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ട് നാലാം ദിനം 72-3 എന്ന നിലയിലാണ് ക്രീസ് വിട്ടത്. 24 റണ്‍സോടെ ഒല്ലി പോപ്പും 15 റണ്‍സുമായി ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്.
അവസാന ദിനം 90 ഓവറും ഏഴ് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 536 റണ്‍സ് കൂടി വേണം. ബെന്‍ ഡക്കറ്റ്, സാക്ക് ക്രോളി, ജോ റൂട്ട് എന്നിവരെ നഷ്മായ ഇംഗ്ലണ്ട് 536 വിജയലക്ഷ്യം നേടാന്‍ ശ്രമിക്കില്ലെന്നാണ് കരുതുന്നത്. എന്നാല്‍ മഴമൂലം ഓവറുകള്‍ നഷ്ടമായാല്‍ ഇന്ത്യയുടെ വിജയസാധ്യതകളെ അത് ബാധിക്കും. ബര്‍മിംഗ്ഹാമില്‍ ഇന്നലെ രാത്രിയും ഇന്ന് രാവിലെയും മഴ പെയ്തിരുന്നു. മത്സരം തുടങ്ങുന്ന പ്രാദേശിക സമയം 11 മണിവരെ മഴ പെയ്യുമെന്നും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
അതിനിടെ നാലാം ദിനം രണ്ടാം സെഷനില്‍ രവീന്ദ്ര ജഡേജയുടെ മെല്ലെപ്പോക്കിനെതിരെ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ ആതര്‍ട്ടന്‍ വിമര്‍ശിച്ചിരുന്നു. രവീന്ദ്ര ജഡേജ കുറച്ചുകൂടി വേഗത്തില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ത്യക്ക് നേരത്തെ ഡിക്ലയര്‍ ചെയ്യാനാവുമെന്നായിരുന്നു ആതര്‍ട്ടന്‍റെ വിമര്‍ശനം. നാലാം ദിനം ചായക്ക് ശേഷമുള്ള സെഷനില്‍ ഗംഭീറിന്‍റെ നിര്‍ദേശം ലഭിച്ചതിനുശേഷമാണ് ജഡേജ വേഗം കൂട്ടിയതെന്നും ഇത് ഇന്ത്യയുടെ വിജയ സാധ്യതകളെ ബാധിക്കാനിടയുണ്ടെന്നും ആതര്‍ട്ടന്‍ പറഞ്ഞിരുന്നു.


