ഇനിയൊരു താരത്തെ കൂടി വിക്കറ്റ് കീപ്പറായി ടീം ഇന്ത്യക്ക് ആവശ്യമില്ല എന്നതാണ് ഒരു വസ്‌തുത

റായ്‌പൂര്‍: വരും വര്‍ഷം പുരുഷ ട്വന്‍റി 20 ലോകകപ്പ് വരാനിരിക്കേ ഫോര്‍മാറ്റിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്‍റെ സാധ്യത തുലാസിലായിക്കഴിഞ്ഞു. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് സഞ്ജു ഇന്ത്യന്‍ കുപ്പായം അണിയുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരക്കുള്ള ടീമിനെ സെലക്‌ടര്‍മാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന്‍റെ പേരുണ്ടായിരുന്നില്ല. ഇനി ഐപിഎല്‍ 2024 സീസണിലെ പ്രകടനം ഒന്നുമാത്രമാണ് ട്വന്‍റി 20 ഫോര്‍മാറ്റിലേക്ക് മടങ്ങിവരാന്‍ സഞ്ജുവിന് മുന്നിലുള്ള വഴി. ഇതേസമയം മറ്റൊരു വിക്കറ്റ് കീപ്പറുടെ വരവ് സഞ്ജുവിന്‍റെ സാധ്യതകള്‍ക്ക് കൂടുതല്‍ മങ്ങലേല്‍പിച്ചിരിക്കുകയാണ്. 

കാറപകടത്തില്‍ റിഷഭ് പന്തിന് സാരമായി പരിക്കേറ്റതോടെ കെ എല്‍ രാഹുലിനെയും ഇഷാന്‍ കിഷനെയുമാണ് നിലവില്‍ ടീം ഇന്ത്യ പ്രധാന വിക്കറ്റ് കീപ്പര്‍മാരായി ആശ്രയിച്ചുവരുന്നത്. ഇനിയൊരു താരത്തെ കൂടി വിക്കറ്റ് കീപ്പറായി ടീം ഇന്ത്യക്ക് ആവശ്യമില്ല എന്നതാണ് ഒരു വസ്‌തുത. ഇതിനിടെയാണ് സഞ്ജു സാംസണ്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ട്വന്‍റി 20 പരമ്പരയില്‍ രാഹുല്‍ കളിക്കുന്നില്ല എന്നതിനാല്‍ ഇഷാന്‍ കിഷനാണ് ആദ്യ മൂന്ന് മത്സരങ്ങളിലും വിക്കറ്റ് കാത്തത്. നാലാം കളിയിലാവട്ടെ ഇന്ത്യ ജിതേഷ് ശര്‍മ്മയ്‌ക്ക് അവസരം നല്‍കി. ആറാമനായി ക്രീസിലെത്തി 19 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 35 റണ്‍സുമായി ജിതേഷ് കാമിയോ ഗംഭീരമാക്കി. റിങ്കു സിംഗിനൊപ്പം നിര്‍ണായക കൂട്ടുകെട്ട് സ്ഥാപിക്കുകയും ചെയ്‌തു. ടി20 ലോകകപ്പിന് ഏഴ് മാസം മാത്രം അവശേഷിക്കേ തന്‍റെ പേരുകൂടി വച്ചുനീട്ടിയിരിക്കുകയാണ് ജിതേഷ്. ഇതോടെ വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലെത്താനുള്ള സഞ്ജു സാംസണിന്‍റെ സാധ്യതകള്‍ കൂടുതല്‍ അടഞ്ഞിരിക്കുകയാണ്. 

റായ്‌പൂര്‍ വേദിയായ നാലാം ട്വന്‍റി 20യിലെ ജയത്തോടെ ഓസ്ട്രേലിയക്കെതിരായ ട്വന്‍റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. നാലാം മത്സരത്തിൽ 20 റണ്‍സിനാണ് ഇന്ത്യൻ ജയം. 175 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയൻ ഇന്നിംഗ്‌സ് 20 ഓവറില്‍ 154/7 എന്ന നിലയില്‍ അവസാനിച്ചു. ബാറ്റിംഗില്‍ റിങ്കു സിംഗ് (29 പന്തില്‍ 46), ജിതേഷ് ശര്‍മ്മ (19 പന്തില്‍ 35), യശസ്വി ജയ്‌സ്വാള്‍ (28 പന്തില്‍ 37), റുതുരാജ് ഗെയ്‌ക്‌വാദ് (28 പന്തില്‍ 32) എന്നിവര്‍ തിളങ്ങി. ബൗളിംഗില്‍ അക്‌സര്‍ പട്ടേല്‍ മൂന്നും ദീപക് ചഹാര്‍ രണ്ടും രവി ബിഷ്‌ണോയിയും ആവേശ് ഖാനും ഓരോ വിക്കറ്റും സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ബെംഗളൂരുവിൽ നടക്കും. ഈ മത്സരത്തിലും ജിതേഷ് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് കണ്ടാല്‍ സഞ്ജു സാംസണ്‍ ഐപിഎല്‍ വരെ കാത്തിരിക്കാതെ തരമില്ല. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയിലും ഇഷാന്‍ കിഷനും ജിതേഷ് ശര്‍മ്മയുമാണ് വിക്കറ്റ് കീപ്പര്‍മാരായി സ്ക്വാഡില്‍ ഇടംപിടിച്ചിട്ടുള്ളത്. 

Read more: പാകിസ്ഥാന്‍ അങ്ങ് മാറിനില്‍ക്കണം; ട്വന്‍റി 20യില്‍ ലോക റെക്കോര്‍ഡുമായി ടീം ഇന്ത്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം