അവസാന ടെസ്റ്റിനുള്ള ടീമിലും ആന്‍ഡേഴ്‌സണെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൗളിംഗില്‍ തനിക്ക് ഇപ്പോഴും ആത്മവിശ്വാസം ഉണ്ടെന്നും ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോഴും ആസ്വദിക്കുന്നുണ്ടെന്നും ആന്‍ഡേഴ്‌സണ്‍ പറയുന്നു.
ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ജയിംസ് ആന്‍ഡേഴ്‌സണ്‍. ഞായറാഴ്ച 41 വയസ് തികയുന്ന ആന്‍ഡേഴ്‌സണ് പരമ്പരയിലെ മൂന്ന് ടെസ്റ്റില്‍ നിന്ന് നാല് വിക്കറ്റ് നേടാനെ കഴിഞ്ഞിട്ടുള്ളൂ. അവസാന ടെസ്റ്റിനുള്ള ടീമിലും ആന്‍ഡേഴ്‌സണെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൗളിംഗില്‍ തനിക്ക് ഇപ്പോഴും ആത്മവിശ്വാസം ഉണ്ടെന്നും ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോഴും ആസ്വദിക്കുന്നുണ്ടെന്നും ആന്‍ഡേഴ്‌സണ്‍ പറയുന്നു. 2003ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ആന്‍ഡേഴ്‌സണ്‍ 689 വിക്കറ്റ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളറും ആന്‍ഡേഴ്‌സനാണ്.
അതേസമയം, ഇംഗ്ലണ്ട് - ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന് ഇന്ന് തുടക്കമാവും. ഓവലില്‍ വൈകിട്ട് മൂന്നരയ്ക്കാണ് കളി തുടങ്ങുക. നാലാം ടെസ്റ്റിലെ അതേ ടീമിനെ ഇംഗ്ലണ്ട് നിലനിര്‍ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സും മാര്‍ക് വുഡും പരിക്കില്‍ നിന്ന് മോചിതരായി. മിച്ചല്‍ മാര്‍ഷും മിച്ചല്‍ സ്റ്റാര്‍ക്കും പരിക്കില്‍ നിന്ന് മോചിതരായത് ഓസീസിനും ആശ്വാസം. മാഞ്ചസ്റ്റര്‍ ടെസ്റ്റ് മഴമൂലം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
മത്സരത്തിന്റെ അവസാന ദിവസം മോശം കാലാവസ്ഥയെ തുടര്‍ന്ന് പന്തെറിയാന്‍ സാധിച്ചില്ല. സ്‌കോര്‍: ഇംഗ്ലണ്ട് 592. ഓസ്ട്രേലിയ 317 & 214/5. പരമ്പരയില്‍ ഓസീസ് 2-1ന് മുന്നിലാണ്. ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്. ഇംഗ്ലണ്ട് ജയിച്ചാല്‍ പോലും ആഷസ് ഓസ്ട്രേലിയക്ക് തന്നെ. ഇതോടെ ആഷസ് ഓസീസ് നിലനിര്‍ത്തി. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് 2-1ന് മുന്നിട്ട് നില്‍ക്കുകയാണിപ്പോള്‍.
ഇംഗ്ലണ്ട് ടീം: ബെന്‍ ഡക്കറ്റ്, സാക് ക്രൗളി, മൊയീന്‍ അലി, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ക്രിസ് വോക്‌സ്, മാര്‍ക് വുഡ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.
