ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തേയും മത്സരത്തിന് നാളെ ഹെഡിംഗ്‍ലിയിൽ തുടക്കമാകും
ഹെഡിംഗ്‍ലി: ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരാന്‍ ഇംഗ്ലണ്ട് നാളെ ഹെഡിംഗ്‍ലിയില്‍(England vs New Zealand 3rd Test) ഇറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനിലെ അസിന്നിധ്യം പേസ് ഇതിഹാസം ജിമ്മി ആന്‍ഡേഴ്സണാണ്(James Anderson). കാല്‍ക്കുഴയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് ജിമ്മിക്ക് വിശ്രമം നല്‍കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചത്. ഇന്ത്യക്കെതിരെ നിർണായകമായ ടെസ്റ്റ് മത്സരം(ENG vs IND Test) വരാനിരിക്കുന്നതും സൂപ്പർതാരത്തിന് വിശ്രമം അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ട്.
'ജിമ്മി ആന്‍ഡേഴ്സണിന് കളിക്കാനാവാത്ത സാഹചര്യത്തില്‍ ജെയ്മീ ഓവർട്ടന്‍ ഹെഡിംഗ്‍ലിയില്‍ അരങ്ങേറും. ജിമ്മിയുടെ നിർഭാഗ്യം. ഇന്ത്യക്കെതിരെ വമ്പനൊരു ടെസ്റ്റ് മത്സരം വരാനുണ്ട്. അദ്ദേഹത്തിന്‍റെ പരിക്ക് എത്രത്തോളം സാരമുള്ളതാണെന്ന് അറിയില്ല' എന്നും സ്റ്റോക്സ് ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റിന് മുന്നോടിയായി സ്കൈ സ്പോർട്സിനോട് പറഞ്ഞു. കിവികളോട് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ജെയ്മീ ഓവർട്ടന്‍ മികച്ച പേസറാണെന്ന് സ്റ്റോക്സ് കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തേയും മത്സരത്തിന് നാളെ ഹെഡിംഗ്‍ലിയിൽ തുടക്കമാകും. പരിക്കേറ്റ വെറ്ററന്‍ പേസർ ജിമ്മി ആന്‍ഡേഴ്സണിന് പകരം ജെയ്മീ ഓവർട്ടന്‍ ഇംഗ്ലണ്ടിനായി അരങ്ങേറും. ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനിലെ ഏക മാറ്റമിതാണ്. 28കാരനായ ജെയ്മീ ഓവർട്ടന്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സറേയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അഞ്ച് മത്സരങ്ങളില്‍ 21.61 ശരാശരിയില്‍ 21 വിക്കറ്റ് വീഴ്‍ത്തി. പരമ്പരയിലെ ആദ്യ 2 ടെസ്റ്റും അഞ്ച് വിക്കറ്റിന് ജയിച്ച് ഇംഗ്ലണ്ട് മുന്നിലാണ്.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ഏക ടെസ്റ്റാണ് ഇന്ത്യ ഈ വര്‍ഷം കളിക്കുന്നത്. ടീമിലെ കൊവിഡ് ബാധയെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കാതെ ഇന്ത്യ മടങ്ങിയത്. പരമ്പരയില്‍ ഇന്ത്യ നിലവില്‍ 2-1ന് മുന്നിലാണ്. എഡ്‍ജ്ബാസ്റ്റണില്‍ ജയമോ സമനിലയോ നേടിയാല്‍ ഇന്ത്യക്ക് പരമ്പര നേടാനാവും. എന്നാല്‍ ബെന്‍ സ്റ്റോക്‌സിന്‍റെ നേതൃത്വത്തിലിറങ്ങുന്ന ഇംഗ്ലണ്ട് തകര്‍പ്പന്‍ ഫോമിലാണ്.
