'സുസുകി കപ്പ്' എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ മത്സരം ജപ്പാൻ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നാണ്.
ടോക്കിയോ: ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ. അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് സീനിയർ പുരുഷ വിഭാഗത്തിൽ ഇന്ത്യയും ജപ്പാനും മുഖാമുഖം വരുന്നത്. പരിചയസമ്പന്നനായ ബാറ്റർ കെൻഡൽ കഡോവാക്കി-ഫ്ലെമിംഗ് ആണ് ജപ്പാൻ നയിക്കുക. ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഈ പോരാട്ടം സെപ്റ്റംബർ 22-ന് ടോച്ചിഗി പ്രിഫെക്ചറിലെ സാനോ ഇന്‍റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നടക്കുക.
'സുസുകി കപ്പ്' എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ മത്സരം ജപ്പാൻ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നാണ്. ടി20 ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള ക്യാപ്റ്റൻ കെൻഡൽ കഡോവാക്കി ഫ്ലെമിംഗിന്റെ പരിചയസമ്പത്തിലാണ് ജപ്പാൻ വലിയ പ്രതീക്ഷ വച്ചുപുലർത്തുന്നത്. 55 ടി20 മത്സരങ്ങളിൽ നിന്ന് 38.18 ശരാശരിയിലും 139.41 സ്ട്രൈക്ക് റേറ്റ് നിലനിർത്തിയും 1,871 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളും 12 അർധസെഞ്ചുറികളും ഉൾപ്പെടുന്നതാണ് അദ്ദേഹത്തിന്‍റെ കരിയർ. 114 റൺസാണ് ഉയർന്ന സ്കോർ.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈച്ചിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനപ്രകാരമുള്ള 'സ്പോർട്സ് 75' പദ്ധതിയുടെ ഉദ്ഘാടന മത്സരമായിട്ടാണ് ഈ ടി20 പോരാട്ടം സംഘടിപ്പിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കായികബന്ധം ശക്തമാക്കുന്നതിനൊപ്പം 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കായിക സഹകരണം വർദ്ധിപ്പിക്കുന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇന്ത്യക്കെതിരായ ടി20 മത്സരത്തിനുള്ള ജപ്പാൻ ടീം: കെൻഡൽ കഡോവാക്കി-ഫ്ലെമിംഗ് (ക്യാപ്റ്റൻ), ചാർളി ഹിൻസെ, ബെഞ്ചമിൻ ഇറ്റോ-ഡേവിസ്, കൊഹെയ് കുബോട്ട, വതാരു മിയാഉച്ചി, റിയോ സാകുറാനോ-തോമസ്, അലക്സ് ഷിറായ്-പാറ്റ്മോർ, ഷോമ സുഗായ-സ്ലേറ്റർ, ഡെക്ലാൻ സുസുകി, ഇബ്രാഹിം തകഹാഷി, മക്കോട്ടോ തനിയാമ, ലാക്ലാൻ യാമമോട്ടോ, അലസ്റ്റെയർ കഡോവാക്കി-ഫ്ലെമിംഗ്, ജെയ്ക് കുസുഡ-നായർൺ, സുയോഷി തകാദ.
