മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയെ ഉയരം കുറഞ്ഞവനെന്ന് വിളിച്ച് വിവാദത്തിലായ ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്ര, മത്സരശേഷം ബാവുമയെ അഭിനന്ദിച്ചു.
കൊല്‍ക്കത്ത: ആദ്യ ടെസ്റ്റ് ജയത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയെ അഭിനന്ദിച്ച് ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്ര. മത്സരത്തിനിടെ ബാവുമയെ ഉയരമില്ലാത്തവന്‍ എന്ന് ബുമ്ര വിളിച്ചത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഒന്നാംദിനം ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു ബുമ്രയുടെ വിവാദ പരാമര്‍ശം. ഈ സംഭവത്തിന്റെ പിശ്ചാത്തലത്തിലാണ് ബുമ്ര ദക്ഷിണാഫ്രിക്കന്‍ നായകനെ തോളില്‍ തട്ടിയും കൈകൊടുത്തും അഭിനന്ദിച്ചത്. മത്സരത്തില്‍ ബാവുമ പുറത്താവാതെ നേടിയ 55 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായകമായത്.
മത്സരത്തിലെ ടോപ് സ്‌കോററും ബവുമായായിരുന്നു. 15 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ജയമാണിത്. 2012ന് ശേഷം കൊല്‍ക്കത്തയില്‍ ഇന്ത്യയെ തോല്‍പിക്കുന്ന ആദ്യ നായകന്‍ എന്ന നേട്ടവും ബാവുമ സ്വന്തമാക്കി. ബാവൂമയെ പരിഹസിച്ചതിന് ബുമ്രക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വന്നിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാനെത്തിയ ബാവുമ ബുമ്രയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എന്നാല്‍ എല്‍ബിഡബ്ല്യുവിനായുള്ള ബുമ്രയുടെയും ഇന്ത്യന്‍ താരങ്ങളുടെയും അപ്പീല്‍ അമ്പയര്‍ നിരസിച്ചു.
ഇതോടെ ഡിആര്‍എസ് എടുക്കണോ എന്ന ചര്‍ച്ചക്കായി ബുമ്രയും പന്തും രാഹുലും ജഡേജയും അടക്കമുള്ള താരങ്ങള്‍ വിക്കറ്റിന് അടുത്ത് നിന്നപ്പോള്‍ സംസാരിച്ച കാര്യങ്ങളാണ് സ്റ്റംപ് മൈക്കിലൂടെ പുറത്തായത്. റിവ്യു എടുക്കാനുള്ള ബുമ്രയുടെ ആവശ്യത്തോട് റിഷഭ് പന്ത് അനുകൂലമായല്ല പ്രതികരിച്ചത്. ഹൈറ്റ് കൂടുതലായിരുന്നുവെന്ന് റിഷഭ് പന്ത് പറഞ്ഞപ്പോള്‍ ബാവുമ 'കുള്ളനായതുകൊണ്ട്' ഉയരം കൂടിയത് പ്രശ്‌നമാകില്ലെന്നായിരുന്നു ഹിന്ദിയില്‍ ബുമ്രയുടെ മറുപടി.
ഇതുകേട്ട് മറ്റ് താരങ്ങള്‍ ചിരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. കുള്ളനൊക്കെ ശരിതന്നെ, പക്ഷെ ഉയരം കൂടുതലായിരുന്നു എന്ന് പന്ത് പറയുന്നതോടെ റിവ്യു എടുക്കാത ബുമ്ര ബൗളിംഗ് എന്‍ഡിലേക്ക് തിരിച്ചു നടക്കുന്ന വീഡിയോയും സംഭാഷണങ്ങളുമാണ് പുറത്തുവന്നത്.



