കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് കാരണം പിച്ചിന്റെ കുഴപ്പമല്ല, ബാറ്റര്‍മാരുടെ മോശം പ്രകടനമാണെന്ന് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍.
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സിലെ ഞെട്ടിക്കുന്ന തോല്‍വിയിലും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന് കുലുക്കമില്ല. ഇന്ത്യന്‍ ടീം ആഗ്രഹിച്ച പിച്ചാണ് കൊല്‍ക്കത്തയില്‍ തയ്യാറാക്കിയെന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. ബാറ്റര്‍മാരുടെ മോശം പ്രകടമാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്നും ഗംഭീര്‍ പറഞ്ഞു. ഇന്നലെ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഗംഭീര്‍. കളിക്കാന്‍ കഴിയാത്ത വിക്കറ്റായിരുന്നില്ല കൊല്‍ക്കത്തിയിലേത്. സമ്മര്‍ദത്തിന് വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നും ഗംഭീര്‍.
ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ പിച്ചിനെക്കുറിച്ചുളള വിവാദങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. ഗുവാഹത്തിയില്‍ ഏത് തരംപിച്ചാണെങ്കിലും ദക്ഷിണാഫ്രിക്കയെ നേരിടാന്‍ തയ്യാറെന്നും ഇന്ത്യന്‍ കോച്ച് വ്യക്തമാക്കി. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ട പ്രകാരമുള്ള പിച്ചാണ് തയാറാക്കിയതെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയും വ്യക്തമാക്കിയിരുന്നു.
രണ്ട് ടീമുകളും നാല് ഇന്നിംഗ്‌സിലും 200 റണ്‍സ് പോലും കടക്കാതിരുന്ന പിച്ചില്‍ സ്പിന്നര്‍മാര്‍ക്കൊപ്പം പേസര്‍മാരും മികവ് കാട്ടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സന്‍ 3 വിക്കറ്റെടുത്തു.
ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റൊഴികെ എല്ലാ വിക്കറ്റുകളും സ്പിന്നര്‍മാരാണ് വീഴ്ത്തിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റൊഴികെ എല്ലാം സ്പിന്നര്‍മാര്‍ക്കായിരുന്നു. സ്പിന്‍ പിച്ചൊരുക്കിയതിന് ക്യൂറേറ്റര്‍ സുജന്‍ മുഖര്‍ജിയെ കുറ്റം പറയാനാവില്ലെന്നും ഇത് ഇന്ത്യന്‍ ടീം ആവശ്യപ്പെട്ടപ്രകാരം തയാറാക്കിയ പിച്ചാണെന്നും ഗാംഗുലി വ്യക്തമാക്കി. ഇന്ത്യന്‍ ടീം ആവശ്യപ്പെട്ടപ്രകാരം പിച്ച് നനക്കുന്നത് മത്സരത്തിന് നാലു ദിവസം മുമ്പെ നിര്‍ത്തിയിരുന്നു. പിച്ച് നനക്കുന്നത് നിര്‍ത്തിയാല്‍ ഇത്തരത്തില്‍ പൊട്ടിപൊളിയാന്‍ സാധ്യതയുണ്ടെന്നും ഗാംഗുലി പറഞ്ഞു.
രണ്ടര ദിവസം മാത്രം നീണ്ട കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യ 30 റണ്‍സിന്റെ അവിശ്വസനീയ തോല്‍വി വഴങ്ങിയിരുന്നു.124 റണ്‍സിന്റെ വിജലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലാം ഇന്നിംഗ്‌സില്‍ 93 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.



