ആന്‍റിഗ്വ: ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ അര്‍ധ സെഞ്ചുറി തികച്ച് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര ചരിത്രനേട്ടങ്ങളില്‍. കുറഞ്ഞ പന്തുകളില്‍ 50 വിക്കറ്റ് തികച്ച ഇന്ത്യന്‍ ബൗളറെന്ന നേട്ടത്തില്‍ സ്‌പിന്നര്‍ ആര്‍ അശ്വിനെ ബുമ്ര മറികടന്നു. അശ്വിന്‍ 2597 പന്തുകളില്‍ 50 വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ബുമ്രയ്‌ക്ക് 2465 പന്തുകളെ വേണ്ടിവന്നുള്ളൂ.

ആന്‍റിഗ്വ ടെസ്റ്റില്‍ ഡാരെന്‍ ബ്രാവോയെ പുറത്താക്കിയാണ് ബുമ്ര സുപ്രധാന നേട്ടത്തിലെത്തിയത്. തന്‍റെ 11-ാം ടെസ്റ്റിലാണ് ബുമ്ര വിക്കറ്റ് വേട്ടയില്‍ അര്‍ധ സെഞ്ചുറി തികച്ചത്. ഇതോടെ മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ വേഗത്തില്‍ അമ്പത് വിക്കറ്റ് തികയ്‌ക്കുന്ന ഇന്ത്യന്‍ പേസറെന്ന നേട്ടത്തിലുമെത്തി ബുമ്ര. 13 ടെസ്റ്റുകളില്‍ അമ്പത് വിക്കറ്റ് നേടിയ വെങ്കിടേഷ് പ്രസാദും മുഹമ്മദും ഷമിയുമാണ് ഇന്ത്യന്‍ പേസര്‍മാരില്‍ വേഗത്തില്‍ അമ്പത് വിക്കറ്റ് പൂര്‍ത്തിയാക്കിയിരുന്നത്. 

കഴിഞ്ഞ വര്‍ഷം കേപ്‌ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ബുമ്ര ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 2.66 ആണ് ഇന്ത്യന്‍ പേസരുടെ ഇക്കോണമി. 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം.