മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ വിലമതിക്കാനാവാത്ത താരമാണ് ഇപ്പോള്‍ ജസ്പ്രീത് ബുമ്ര. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളര്‍. എന്നാല്‍ കഷ്ടപ്പാടിന്റെ കാലം കഴിഞ്ഞാണ് ഇന്നത്തെ നല്ലകാലത്തിലെത്തിയതെന്ന് ഓര്‍ത്തെടുക്കുകയാണ് അമ്മ ദല്‍ജിത്തിനൊപ്പമിരുന്ന് ബുമ്ര. ട്വിറ്റര്‍ വീഡിയോയിലാണ് ഇരുവരും കടന്നുവന്ന കഠിനകാലത്തെക്കുറിച്ച് ഓര്‍ത്തെടുക്കുന്നത്.

എനിക്ക് അഞ്ച് വയസുള്ളപ്പോഴാണ് അച്ഛനെ നഷ്ടമാവുന്നത്. അതിനുശേഷം ഞങ്ങള്‍ ജീവിച്ചത് എങ്ങനെയെന്ന് വിവരിക്കാനാവില്ല. ഒന്നും വാങ്ങാനുള്ള പൈസ ഇല്ലായിരുന്നു. ഒരു ജോഡി ഷൂസും ഒരു ടീ ഷര്‍ട്ടും മാത്രമെ എനിക്ക് ധരിക്കാനുണ്ടായിരുന്നുള്ളു. എല്ലാ ദിവസവും അത് അലക്കി ഉണക്കിയാണ് ഇട്ടിരുന്നതെന്ന് ബുമ്ര പറഞ്ഞു. കഷ്ടപ്പാടിന്റെ കാലത്തിലൂടെ കടന്നുവന്നത് തന്നെ കൂടുതല്‍ കരുത്തനാക്കിയിട്ടേ ഉള്ളൂവെന്നും ബുമ്ര പറഞ്ഞു.

ബുമ്ര ആദ്യമായി ഐപിഎല്ലില്‍ കളിച്ച ദിവസം ടിവിയില്‍ അവനെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുവെന്ന് ബുമ്രയുടെ അമ്മ ദല്‍ജിത് പറഞ്ഞു. പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബുമ്ര ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ്.