Asianet News MalayalamAsianet News Malayalam

അദ്ദേഹത്തിന്റെ റെക്കോഡുകള്‍ നിങ്ങളോട് സംസാരിക്കും; അശ്വിനെ പ്രകീര്‍ത്തിച്ച് ബുമ്ര

ഫൈനലിലെ നാലാം ദിവസത്തിലും ഒരു പന്തുപോലും എറിയാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 217നെതിരെ ന്യൂസിലന്‍ഡ് രണ്ടിന് 101 എന്ന നിലയിലാണ്.
 

Jasprit Bumrah applauds R Ashwin after his first wicket in WTC Final
Author
Southampton, First Published Jun 21, 2021, 7:48 PM IST

സതാംപ്‍ടണ്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനില്‍ ന്യൂസിലന്‍ഡിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത് ആര്‍ അശ്വിനായിരുന്നു. 30 റണ്‍സെടുത്ത ടോം ലാതത്തെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു അശ്വിന്‍. ഇതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. 70 റണ്‍സാണ് ഇരുവരും നേടിയിരുന്നത്.

ഇപ്പോള്‍ അശ്വിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. ''ടെസ്റ്റ് ക്രിക്കറ്റിലെ മികവുറ്റ താരങ്ങളില്‍ ഒരാളാണ്  അശ്വിന്‍. അദ്ദേഹത്തിന്റെ റെക്കോഡുകള്‍ നോക്കൂ. പന്തും കൊണ്ടും ബാറ്റ് കൊണ്ടും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന താരമാണ് അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം നേടിയ 400ല്‍ കൂടുതല്‍ വിക്കറ്റുകള്‍ നിങ്ങളോട് സംസാരിക്കും.'' ബുമ്ര പറഞ്ഞുനിര്‍ത്തി.

ഇന്ത്യയുടെ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണും അശ്വിനെ കുറിച്ച് വാചാലനായി. ''അശ്വിന്‍ ഇതുവരെ നേടിയതിലൊന്നും സന്തോഷവാനല്ല. അദ്ദേഹം പുതുതായി പലതും പഠിക്കാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും തന്റെ പരിധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് അശ്വിന്‍. ബൗള്‍ ചെയ്യുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അവനറിയാം. ബാറ്റ്‌സ്മാന്‍ ഏത് ഷോട്ടുകള്‍ കളിക്കുമെന്നും അശ്വിന് കൃത്യമായ ബോധ്യമുണ്ട്.'' അരുണ്‍ പറഞ്ഞുനിര്‍ത്തി.

ഫൈനലിലെ നാലാം ദിവസത്തിലും ഒരു പന്തുപോലും എറിയാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 217നെതിരെ ന്യൂസിലന്‍ഡ് രണ്ടിന് 101 എന്ന നിലയിലാണ്. കെയ്ന്‍ വില്യംസണ്‍ (12), റോസ് ടെയ്‌ലര്‍ (0) എന്നിവരാണ് ക്രീസിലാണ്. ലാതത്തിന് പുറമെ ഡെവോണ്‍ കോണ്‍വെ (54)യാണ് പുറത്തായത്.

Follow Us:
Download App:
  • android
  • ios