കറാച്ചി: സമകാലീന ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ പേസ് ബൗളറാണ് ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ബുമ്രയും മുഹമ്മദ് ആമിറുമാണ് നിലവിലെ ഏറ്റവും മികച്ച പേസര്‍മാര്‍. എന്നാല്‍ താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച പേസര്‍ മറ്റൊരു താരമാണെന്ന് അക്തര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

അത് മറ്റാരുമല്ല, മുന്‍ പാക് പേസറായ മുഹമ്മദ് ആസിഫായിരുന്നു. ആസിഫിനെ നേരിടേണ്ടിവരുമ്പോള്‍ ബാറ്റ്സ്മാന്‍മാര്‍ ശരിക്കും കരയുമായിരുന്നു. ഒരിക്കല്‍ ഇന്ത്യയുടെ വിവിഎസ് ലക്ഷ്മണ്‍ പോലും എന്നോട് ചോദിച്ചിട്ടുണ്ട്, ആസിഫിനെ എങ്ങനെയാണ് നേരിടുകയെന്ന്. ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനിടെ ആസിഫിനെ നേരിടേണ്ട സാഹചര്യം വന്നപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സ് അക്ഷരാര്‍ത്ഥത്തില്‍ കരയുകയായിരുന്നുവെന്നും അക്തര്‍ പറഞ്ഞു.

ആസിഫ് കഴിഞ്ഞാല്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളറാണ് ബുമ്ര. ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ബുമ്രയുടെ ഫിറ്റ്നെസിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതെല്ലാം അപ്രസക്തമാക്കുന്ന പ്രകടനമാണ് ബുമ്ര പുറത്തെടുത്തത്. അതിവേഗ ബൗണ്‍സര്‍ കൊണ്ട് ബാറ്റ്സ്മാനെ ഞെട്ടിക്കാന്‍ ബുമ്രക്കാവും. ശരീരഭാഷയിലല്ല, എറിയുന്ന പന്തുകളുടെ ലെംഗ്ത്തിലൂടെയാണ് ബുമ്ര തന്‍റെ അക്രമണോത്സുകത പുറത്തെടുക്കുന്നത്.

ലെംഗ്ത്തുകൊണ്ടാണ് ബുമ്ര പലപ്പോഴും ബാറ്റ്സ്മാനെ വീഴ്ത്തുന്നത്. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മാന്യനായ വ്യക്തികൂടിയാണ് അദ്ദേഹം. പക്ഷെ പന്തെറിയാനെത്തുമ്പോള്‍ വെറും അഞ്ച് സെക്കന്‍ഡില്‍ തന്‍റെ ലെംഗ്ത്തിലൂടെ അദ്ദേഹം ഏറ്റവും ആക്രമണകാരിയായി മാറുന്നുവെന്നും അക്തര്‍ പറഞ്ഞു. അതുപോലെ തന്നെ മികച്ച ടീം മാനും മാച്ച് വിന്നറുമാണ് ബുമ്രയെന്നും അക്തര്‍ പറഞ്ഞു.