അഞ്ച് വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പ് പൊക്കി ബുമ്ര! അടി കിട്ടിയത് ചാഹലിന്; എങ്കിലും തിരിച്ചെടുക്കാന്‍ അവസരം
നാല് കളികളില്‍ ഒമ്പത് വിക്കറ്റുള്ള ചെന്നൈ താരം മുസ്തഫിസുര്‍ റഹ്‌മാനാണ് മൂന്നാം സ്ഥാനത്ത്. 16 ഓവറുകളില്‍ 128 റണ്‍സാണ് മുസ്തഫിസുര്‍ നല്‍കിയത്.
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ അഞ്ച് വിക്കറ്റിന് പിന്നാലെ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രിത് ബുമ്ര. രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിനൊപ്പം ബുമ്രയ്ക്കും പത്ത് വിക്കറ്റാണുള്ളത്. എന്നാല്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ബുമ്ര മുന്നിലെത്തി. 20 ഓവറില്‍ 119 റണ്‍സ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്. ചാഹല്‍ 18 ഓവറില്‍ 132 റണ്‍സ് വിട്ടുകൊടുത്തിട്ടുണ്ട്.
നാല് കളികളില്‍ ഒമ്പത് വിക്കറ്റുള്ള ചെന്നൈ താരം മുസ്തഫിസുര്‍ റഹ്‌മാനാണ് മൂന്നാം സ്ഥാനത്ത്. 16 ഓവറുകളില്‍ 128 റണ്‍സാണ് മുസ്തഫിസുര്‍ നല്‍കിയത്. അഞ്ച് കളികളില്‍ എട്ട് വിക്കറ്റുമായി പഞ്ചാബ് കിംഗ്‌സിന്റെ അര്‍ഷ്ദീപ് സിംഗ് നാലാം സ്ഥാനത്ത്. ആറ് കളികളില്‍ എട്ട് വിക്കറ്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് താരം മോഹിത് ശര്‍മയും ആദ്യ അഞ്ചിലുണ്ട്.വ മുംബൈ ഇന്ത്യന്‍സ് താരം ജെറാള്‍ഡ് കോട്‌സീക്കും എട്ട് വിക്കറ്റുണ്ട്.
അതേസമയം, ഓറഞ്ച് ക്യാപ്പിന് വേണ്ടിയുള്ള മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരു താരം വിരാട് കോലി ഒന്നാമത് തുടരുന്നു. ആറ് മത്സരങ്ങളില്‍ 79.75 ശരാശരിയില്‍ 319 റണ്‍സാണിപ്പോള്‍ കോലിക്കുള്ളത്. 141.78 ശരാശരിയിലാണ് നേട്ടം. മുംബൈക്ക് മൂന്ന് റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. ഇതോടെ തൊട്ടുതാഴെയുള്ള താരങ്ങള്‍ക്ക് എത്തിപ്പിടിക്കാവുന്ന ദൂരത്തിലായി കോലി. തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ് ആണ് റണ്‍വേട്ടയില്‍ രണ്ടാമത്. അഞ്ച് കളികളില്‍ മൂന്ന് അര്‍ധസെഞ്ചുറി അടക്കം 261 റണ്‍സെടുത്ത പരാഗിന് 158.18 സ്‌ട്രൈക്ക് റേറ്റുണ്ട്. കോലിയും പരാഗും തമ്മിലുള്ള ദൂരം 58 റണ്‍സ്.
ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ആറ് കളികളില്‍ 255 റണ്‍സെടുത്ത ഗില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടി. 151.78 ആണ് ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റ്. 64 റണ്‍സ് കൂടി നേടിയാല്‍ ഗില്ലിന് കോലിക്കൊപ്പമെത്താം. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നാലാം സ്ഥാനത്തുണ്ട്. കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്ന് ഫിഫ്റ്റി, അതില്‍ രണ്ടിലും നോട്ടൗട്ട്, ക്യാപ്റ്റനെന്ന നിലയില്‍ അഞ്ചില്‍ നാലു ജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 38 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു അഞ്ച് കളികളില്‍ 246 റണ്‍സുമായാണ് റണ്‍വേട്ടയില്‍ നാലാമത് എത്തിയത്. 82 റണ്‍ ശരാശരിയും 157.69 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഒന്നാം സ്ഥാനവും സഞ്ജുവും തമ്മിലുള്ള വ്യത്യാസം 73 റണ്‍സാണ്.