മൂന്ന് തവണ ഐപിഎൽ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും കോലിയ്ക്കും സംഘത്തിനും ഇതുവരെ കിരീടത്തിൽ മുത്തമിടാനായിട്ടില്ല.
ബെംഗളൂരു: ഐപിഎല്ലിൽ കന്നിക്കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പർ താരം വിരാട് കോലി. ഇത്തവണ കോലിയുടെ നീണ്ട 18 വർഷത്തെ കാത്തിരിപ്പിന് വിരാമമായേക്കാമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഈ വർഷം വ്യത്യസ്തമായ സ്റ്റൈലിലാണ് കളിക്കുന്നതെന്നും അതിനാൽ ശക്തമായ കിരീട സാധ്യതയുണ്ടെന്നും റെയ്ന പറഞ്ഞു. സ്റ്റാർ സ്‌പോർട്‌സിലൂടെയായിരുന്നു റെയ്നയുടെ പ്രതികരണം.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ചിന്നസ്വാമിയിൽ 150, 136 പോലെയുള്ള സ്‌കോറുകൾ വിജയകരമായി പ്രതിരോധിച്ചത് റെയ്ന ചൂണ്ടിക്കാട്ടി. ബെംഗളൂരുവിന്റെ ബൗളിംഗ് യൂണിറ്റ് കൂടുതൽ കരുത്തുറ്റതായി മാറിയിരിക്കുന്നു. ബെംഗളൂരുവിന്റെ പുതിയ ക്യാപ്റ്റൻ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ഹോം ഗ്രൗണ്ടിലും ചിന്നസ്വാമിയിലുമായി രണ്ട് തവണ തോൽപ്പിച്ചിരിക്കുന്നു. അത് ശ്രദ്ധേയമാണ്. ഡ്രസ്സിംഗ് റൂം പോസിറ്റീവാണ്. ഇതെല്ലാം ഒരു ടീമിന് ഏത് വഴിക്കും മുന്നേറാൻ കഴിയുമെന്നതിന്റെ സൂചനകളാണ് നൽകുന്നത്. മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. എന്നാൽ, 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വിരാട് കോലി ഐപിഎൽ കിരീടം ഉയർത്തുന്ന വർഷമായിരിക്കാം ഇതെന്നും റെയ്ന വ്യക്തമാക്കി.
ഐപിഎൽ 2025 സീസണിൽ 11 മത്സരങ്ങളിൽ എട്ടെണ്ണത്തിലും വിജയിക്കാൻ ബെംഗളൂരുവിന് സാധിച്ചു. മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ടീം തോൽവി ഏറ്റുവാങ്ങിയത്. പ്ലേ ഓഫിലേയ്ക്ക് പ്രവേശിക്കാൻ ശക്തമായ സാധ്യത കൽപ്പിക്കുന്ന ബെംഗളൂരു പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. മൂന്ന് തവണ ഫൈനൽ (2009, 2011, 2016) കളിച്ചെങ്കിലും ഒരിക്കൽ പോലും വിജയിക്കാൻ ബെംഗളൂരുവിന് സാധിച്ചില്ല. ഈ സീസണിൽ ബെംഗളൂരുവിന്റെ കുതിപ്പിൽ വിരാട് കോലി വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. 11 മത്സരങ്ങളിൽ നിന്ന് 505 റൺസുമായി ടൂർണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് കോലി. 510 റൺസുമായി ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവിനേക്കാൾ വെറും 5 റൺസ് മാത്രം പിന്നിലാണ് അദ്ദേഹം. ഏഴ് അർദ്ധ സെഞ്ച്വറികളുമായി കോലി ടൂർണമെന്റിലുടനീളം മികച്ച രീതിയിൽ സ്ഥിരത പുലർത്തുകയും ചെയ്യുന്നുണ്ട്.