കിംഗ്‌സ്റ്റണ്‍: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ വ്യത്യസ്തമായ വിക്കറ്റ് ആഘോഷവുമായി ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയും ക്യാപ്റ്റന്‍ വിരാട് കോലിയും. 423 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് തുടക്കത്തില്‍ തകര്‍ന്നെങ്കിലും ഷമാര ബ്രൂക്സിന്റെയും ജെറമിന്‍ ബ്ലാക്‌വുഡിന്റെയും ഇന്നിംഗ്സുകളുടെ കരുത്തില്‍ തിരിച്ചുവരവിന് ശ്രമിക്കുമ്പോഴാണ് ഇരുവര്‍ക്കും പിന്തുണയുമായി ഗ്യാലറിയില്‍ കാണികള്‍ ആഘോഷം തുടങ്ങിയത്.

ബഹളംവെച്ചും കൈയടിച്ചും കാണികള്‍ ഇരുവരെയും പ്രോത്സാഹിപ്പിച്ചു. എന്നാല്‍ ബൗളിംഗിനായി ബുമ്രയെ തിരിച്ചുവിളിച്ച കോലിയുടെ തന്ത്രം വിജയിച്ചു. ബുമ്രയുടെ ഔട്ട് സ്വിംഗറില്‍ ബാറ്റ് വെച്ച ബ്ലാക്‌വുഡിനെ വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്ത് പിടികൂടി. ഇതോടെ ഗ്യാലറിയില്‍ വിന്‍ഡീസിനായി ആര്‍പ്പുവിളിച്ച കാണികള്‍ക്കുനേരെ തിരിഞ്ഞ് ബുമ്ര ചുണ്ടില്‍ വിരല്‍വെച്ച് നിശബ്ദരാവാന്‍ ആംഗ്യം കാട്ടി.

ബുമ്രയെ അഭിനന്ദിക്കാനെത്തിയ ക്യാപ്റ്റന്‍ വിരാട് കോലിയും ഇതേ രീതിയില്‍ പ്രതികരിച്ചു. ഗ്യാലറിയിലെ ഒരുവിഭാഗം ആരാധകര്‍ ബഹളമുണ്ടാക്കുന്നതായി കമന്ററി ബോക്സിലുണ്ടായിരുന്ന മുന്‍ വിന്‍ഡീസ് താരം ഇയാന്‍ ബിഷപ്പും പറഞ്ഞു. ടെസ്റ്റില്‍ 257 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ട് മത്സര പരമ്പര 2-0ന് സ്വന്തമാക്കി.