അഞ്ച് ടെസ്റ്റുകളിലും ടീമില്‍ സ്ഥാനം ഉറപ്പുള്ള ഒരു കളിക്കാരനായിരിക്കും ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനം നല്‍കുക.

മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തില്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ ഇന്ത്യയുടെ ക്യാപ്റ്റനായോ വൈസ് ക്യാപ്റ്റനായോ പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലും അവസാന ടെസ്റ്റിലും ഇന്ത്യയെ നയിച്ച ബുമ്ര അവസാന ടെസ്റ്റിനിടെ പരിക്കേറ്റ് പുറത്തായിരുന്നു. മൂന്ന് മാസത്തെ വിശ്രമത്തിനുശേഷമാണ് ബുമ്ര ഐപിഎല്ലിലൂടെ മത്സര ക്രിക്കറ്റില്‍ മടങ്ങിയെത്താനായത്.

ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനായി ഇംഗ്ലണ്ട് പരമ്പരയില്‍ ബുമ്രയെ ക്യാപ്റ്റൻ സ്ഥാനത്തേക്കോ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്കോ പരിഗണിക്കേണ്ടെന്നാണ് സെലക്ടര്‍മാരുടെ നിലപാടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പരിക്കേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്തും ജോലി ഭാരം ക്രമീകരിക്കുന്നതിനുമായി പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും ബുമ്രയെ കളിപ്പിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെ അഞ്ച് ടെസ്റ്റുകളിലും ടീമില്‍ സ്ഥാനം ഉറപ്പുള്ള ഒരു കളിക്കാരനായിരിക്കും ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനം നല്‍കുക. ബുമ്ര അഞ്ച് ടെസ്റ്റുകളിലും കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഓരോ മത്സരത്തിനും ഓരോ വൈസ് ക്യാപ്റ്റന്‍മാരെ നിയമിക്കുന്ന സാഹചര്യം ഒഴിവാക്കാനായാണ് ബുമ്രയെ വൈസ് ക്യാപ്റ്റനായി പരിഗണിക്കാത്തതെന്ന് ബിസിസിഐ വൃത്തങ്ങൾ പറയുന്നു.

രോഹിത് ശര്‍മ ക്യാപ്റ്റൻ സ്ഥാനത്ത് തുടരുമെന്ന് കരുതുന്ന പരമ്പരയില്‍ യുവതാരങ്ങളിലൊരാളെയാണ് സെലക്ടര്‍മാര്‍ വൈസ് ക്യാപ്റ്റനായി പരിഗണിക്കുന്നതെന്നും ഭാവിയില്‍ ക്യാപ്റ്റനാക്കാൻ കഴിയുന്ന താരങ്ങളെന്ന നിലയില്‍ ശുഭ്മാന്‍ ഗില്ലിനെയും റിഷഭ് പന്തിനെയുമാണ് പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജൂണ്‍ 20ന് ഹെഡിങ്‌ലിയിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ജൂലൈ രണ്ട് മുതല്‍ എഡ്ജ്ബാസ്റ്റണില്‍ രണ്ടാം ടെസ്റ്റും ജൂലൈ 10 മുതല്‍ ലോര്‍ഡ്സില്‍ മൂന്നാം ടെസ്റ്റും ജൂലൈ 23 മുതല്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മൂന്നാം ടെസ്റ്റും തുടങ്ങും. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക