Asianet News MalayalamAsianet News Malayalam

'മധുരമാ നിമിഷം മധുരമീ നിമിഷം'; സഞ്ജുവിന്‍റെ ഫിഫ്റ്റി, മേമ്പൊടിക്ക് 'ജാസി' സംഗീതം'; നമുക്ക് അത് പോരെ..!

സഞ്ജു ക്രീസില്‍ എത്തിയപ്പോഴും ഓരോ ബൗണ്ടറി നേടുമ്പോഴും ഇവിടെ കേരളത്തില്‍ ഓരോ ക്രിക്കറ്റ് പ്രേമിയുടെ നെഞ്ചില്‍ 'ഡിജെ' വച്ച ഫീലായിരിക്കും, അപ്പോ ഗ്രൗണ്ടില്‍ എന്തായിരിക്കും അവസ്ഥ. അതിന്‍റെ കൂടെ നമ്മുടെ ജാസി ഗിഫ്റ്റിന്‍റെ ക്ലാസിക്ക് പാട്ടുകള്‍ കൂടെ വന്നാല്‍ പിന്നെ പറയുകയും വേണ്ട...

jassie gift songs played in ground while sanju samson batting
Author
Port of Spain, First Published Jul 25, 2022, 10:38 AM IST

പോര്‍ട്ട് ഓഫ്‌ സ്‌പെയിന്‍: കരീബിയന്‍ ദ്വീപില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ (Sanju Samson) അടിച്ച് തകര്‍ക്കുമ്പോള്‍ കേരളം ആഘോഷ തിമിര്‍പ്പിലായിരുന്നു. ആദ്യ മത്സരത്തില്‍ തിളങ്ങാതെ പോയതിന്‍റെ കടങ്ങളെല്ലാം തീര്‍ക്കുന്നതായിരുന്നു രണ്ടാം ഏകദിനത്തിലെ സഞ്ജുവിന്‍റെ ബാറ്റിംഗ്. സഞ്ജു ക്രീസില്‍ എത്തിയപ്പോഴും ഓരോ ബൗണ്ടറി നേടുമ്പോഴും ഇവിടെ കേരളത്തില്‍ ഓരോ ക്രിക്കറ്റ് പ്രേമിയുടെ നെഞ്ചില്‍ 'ഡിജെ' വച്ച ഫീലായിരിക്കും,

അപ്പോ ഗ്രൗണ്ടില്‍ എന്തായിരിക്കും അവസ്ഥ. അതിന്‍റെ കൂടെ നമ്മുടെ ജാസി ഗിഫ്റ്റിന്‍റെ ക്ലാസിക്ക് പാട്ടുകള്‍ കൂടെ വന്നാല്‍ പിന്നെ പറയുകയും വേണ്ട. ആദ്യ ഏകദിനത്തിലെന്ന പോലെ ഇന്നലെയും ഗ്രൗണ്ടില്‍ മുഴങ്ങിയത്  'ജാസി സംഗീതം' ആണ്. സഞ്ജു ബാറ്റിംഗിനെത്തിയപ്പോഴും അര്‍ധ സെഞ്ചുറി നേടിയപ്പോഴുമൊക്കെ 'ലജ്ജാവതിയും' 'അന്നക്കിളി'യുമൊക്കെ മേമ്പൊടിക്ക് എത്തിയിരുന്നു. 

'ഇതൊരു തുടക്കം മാത്രം, വരാനിരിക്കുന്നു ഇനിയുമേറെ'; ഫിഫ്റ്റിയില്‍ സഞ്ജുവിനെ അഭിനന്ദിച്ച് ഇയാന്‍ ബിഷപ്പ്

അതേസമയം, രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിന്‍റെ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കിയതിന്‍റെ ആഹ്ളാദത്തിലാണ് ആരാധകര്‍. മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണിന്‍റെ കന്നി ഏകദിന ഫിഫ്റ്റിയാണ് ഇതിലൊരു കാരണം. മറ്റൊന്നാവട്ടേ അക്‌സര്‍ പട്ടേലിന്‍റെ ഫിനിഷിംഗ് മികവും. ജയിക്കാന്‍ 74 പന്തില്‍ 144 റണ്‍സ് വേണ്ടപ്പോഴാണ് അക്‌സര്‍ ക്രീസിലെത്തിയത്. വിന്‍ഡീസ് മുന്നോട്ടുവെച്ച 312 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ സ‍ഞ്ജു സാംസണും ദീപക് ഹൂഡയും അടക്കമുള്ള വമ്പന്‍മാരെല്ലാം പുറത്തായി 44.1 ഓവറില്‍ ആറ് വിക്കറ്റിന് 256 റണ്‍സെന്ന നിലയില്‍ തോല്‍വി മണക്കുകയായിരുന്നു ഇന്ത്യ. എന്നാല്‍ അവിടെ നിന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സിന് ഐതിഹാസിക തിരിച്ചുവരവ് സമ്മാനിച്ചു അക്‌സര്‍ പട്ടേല്‍. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന ഓവറിന്‍റെ നാലാം പന്തില്‍ കെയ്‌ല്‍ മെയേര്‍സിനെ ഗാലറിയിലേക്ക് പറത്തിയായിരുന്നു അക്‌സറിന്‍റെ ഫിനിഷിംഗ്. 

അക്‌സര്‍ പട്ടേല്‍, ന്യൂജന്‍ ഫിനിഷര്‍

അക്‌സറിന്‍റെ മിന്നും ഫിനിഷിംഗിനൊപ്പം ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്‍റേയും അര്‍ധ സെഞ്ചുറികളും ഇന്ത്യയുടെ രണ്ട് വിക്കറ്റ് ജയത്തില്‍ നിര്‍ണായകമായി. എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്തുകള്‍ മാത്രം ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കേ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്(135 പന്തില്‍ 115), നായകന്‍ നിക്കോളാസ് പുരാന്‍(77 പന്തില്‍ 74) എന്നിവരുടെ മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 311 റണ്‍സെടുത്തു. കെയ്‌ല്‍ മയേര്‍സ് 39 ഉം ഷമാര്‍ ബ്രൂക്ക്‌സ് 35 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി ഷര്‍ദുല്‍ ഠാക്കൂര്‍ മൂന്നും ഹൂഡയും അക്‌സറും ചഹാലും ഓരോ വിക്കറ്റും നേടി. 

WI vs IND : നമ്മുടെ സഞ്ജു ലോകോത്തരം, വീണ്ടും വിക്കറ്റിന് പിന്നില്‍ വിസ്‌മയ പറക്കല്‍- വീഡിയോ

മറുപടി ബാറ്റിംഗില്‍ നായകന്‍ ശിഖര്‍ ധവാന്‍ 13ല്‍ പുറത്തായെങ്കിലും ശുഭ്‌മാന്‍ ഗില്ലിന്‍റെ 43 ഉം ശ്രേയസ് അയ്യരുടെ 63 ഉം ഇന്ത്യയെ കരകയറ്റി. പിന്നാലെ തന്‍റെ മൂന്നാമത്തെ മാത്രം ഏകദിന ഇന്നിംഗ്‌സില്‍ കന്നി അര്‍ധ സെഞ്ചുറി സഞ്ജു സാംസണ്‍ കണ്ടെത്തി. എന്നാല്‍ ദീപക് ഹൂഡയുമായുള്ള ഓട്ടപ്പാച്ചിലിനിടെ സഞ്ജു റണ്ണൗട്ടിലൂടെ നിര്‍ഭാഗ്യവാനായി മടങ്ങിയത് ആരാധകരെ നിരാശരാക്കി. ഹൂഡയ്‌ക്ക് 33 റണ്‍സേ നേടാനായുള്ളൂ. സഞ്ജുവും ഹൂഡയും പുറത്തായ ശേഷം 35 പന്തില്‍ മൂന്ന് ഫോറും 5 സിക്‌സും സഹിതം പുറത്താകാതെ 64 റണ്‍സുമായി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. മറുവശത്ത് ഷര്‍ദുല്‍ ഠാക്കൂര്‍(3), ആവേശ് ഖാന്‍(10) എന്നിവര്‍ പുറത്തായതൊന്നും അക്‌സറിന്‍റെ ഫിനിഷിംഗിനെ തെല്ല് ബാധിച്ചില്ല. അക്‌സര്‍ പട്ടേലാണ് മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios