ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 123 റണ്‍സ് നേടിയ ജമീമ റോഡ്രിഗസ് ഈ വര്‍ഷത്തെ രണ്ടാം ഏകദിന സെഞ്ചുറി നേടി എലൈറ്റ് പട്ടികയില്‍ ഇടം നേടി.
കൊളംബോ: വനിതാ ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യന്‍ താരം ജജമീമ റോഡ്രിഗസ് എലൈറ്റ് പട്ടികയില്‍. 101 പന്തുകളില്‍ നിന്ന് 123 റണ്‍സാണ് ജമീമ അടിച്ചെടുത്തത്. ഇതില്‍ ഒരു സിക്‌സും 15 ബൗണ്ടറികളും ഉള്‍പ്പെടും. 89 പന്തില്‍ താരം സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ജമീമ, ദീപ്തി ശര്‍മ (93), സ്മൃതി മന്ദാന (51) എന്നിവരുടെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് ഇന്ത്യ നേടിയത്.
ഈ വര്‍ഷം ജമീമയുടെ രണ്ടാം ഏകദിന സെഞ്ചുറിയാണിത്. പ്രതിക റാവല്‍ (1), ഹര്‍ലീന്‍ ഡിയോള്‍ (4), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് (28) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. രണ്ടിന് 18 റണ്‍സ് എന്ന നിലയിലും പിന്നീട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 50 എന്ന റണ്‍സെന്ന നിലയിലേക്കും ഇന്ത്യ വീണിരുന്നു. ജമീമയും സ്മൃതി മന്ദാനയും ചേര്‍ന്ന് 88 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ തിരിച്ചുവരവിന് നേതൃത്വം നല്‍കി. 63 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത് സ്മൃതി പുറത്തായി.
എങ്കിലും സ്‌കോര്‍ബോര്‍ഡ് വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ജമീമയ്ക്ക് കഴിഞ്ഞു. ദീപ്തി ശര്‍മ്മയോടൊപ്പം 122 റണ്‍സിന്റെ കൂട്ടുകെട്ടാണ് ജമീമ ഉണ്ടാക്കിയത്. ജമീമയെ 43-ാം ഓവറില്‍ മസബത്ത ക്ലാസ് പുറത്താക്കി.ദീപ്തിയും റിച്ച ഘോഷും (12 പന്തില്‍ 20) ചേര്‍ന്ന് ഇന്ത്യയെ 50 ഓവറില്‍ 337 റണ്‍സിലേക്കെത്തിച്ചു. ഇതിനിടെ വനിതാ ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി ഒന്നില്‍ കൂടുതല്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമായും ജമീമ മാറി. താരങ്ങളുടെ പട്ടികയിങ്ങനെ.
സ്മൃതി മന്ദാന - 10
മിതാലി രാജ് - 7
ഹര്‍മന്‍പ്രീത് കൗര്‍ - 6
പുനം റൗത്ത് - 3
ജയ ശര്‍മ്മ - 2
ജെമിമ റോഡ്രിഗസ് - 2
തിരുഷ് കാമിനി - 2
ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ആതിഥേയരായ ശ്രീലങ്കയെയും ദക്ഷിണാഫ്രിക്കയെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍, ലീഗ് ഘട്ടത്തിലെ രണ്ടാം റൗണ്ടില്‍ ശ്രീലങ്കയോട് ഇന്ത്യ പരാജയപ്പെട്ടു.



