വനിതാ ഏകദിന ക്രിക്കറ്റില്‍ 250 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ദിവസങ്ങള്‍ മാത്രം മുമ്പ് ജൂലന്‍ ഗോസ്വാമി സ്വന്തമാക്കിയിരുന്നു

ഓക്‌ലന്‍ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന് (Mithali Raj) ശേഷം 200 ഏകദിനങ്ങള്‍ കളിക്കുന്ന വനിതാ താരമായി പേസ് വിസ്‌മയം ജൂലന്‍ ഗോസ്വാമി (Jhulan Goswami). ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (ICC Womens World Cup 2022) ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് ജൂലന്‍റെ നേട്ടം. 191 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇംഗ്ലീഷ് താരം ഷാര്‍ലറ്റ് എഡ്‌വേര്‍ഡ്‌സാണ് (Charlotte Marie Edwards) മൂന്നാം സ്ഥാനത്ത്. 

വനിതാ ഏകദിന ക്രിക്കറ്റില്‍ 250 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ഈ ലോകകപ്പിനിടെ ജൂലന്‍ ഗോസ്വാമി സ്വന്തമാക്കിയിരുന്നു. ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ടാമി ബ്യൂമോണ്ടിനെ പുറത്താക്കിയാണ് 39കാരിയായ ജൂലന്‍റെ നാഴികക്കല്ല്. 180 വിക്കറ്റുകളോടെ ഓസീസ് മുന്‍താരം കാത്‌‌റിന്‍ ഫിറ്റ്‌സ്‌പാട്രിക്കും വിന്‍ഡീസിന്‍റെ അനിസ മുഹമ്മദുമാണ് ഇക്കാര്യത്തില്‍ ജൂലന് പിന്നിലുള്ളത്. 

മിതാലിക്കും റെക്കോര്‍ഡ്

ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജും ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി. വനിതാ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി സ്വന്തമാക്കിയ താരങ്ങളില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഡെബീ ഹോക്‌ലിക്കൊപ്പമെത്തുകയായിരുന്നു മിതാലി. ഇരുവര്‍ക്കും പന്ത്രണ്ട് 50+ സ്‌കോറാണ് ലോകകപ്പ് കരിയറിലുള്ളത്. ഇംഗ്ലണ്ട് മുന്‍ താരം ഷാര്‍ലറ്റ് എഡ്‌വേര്‍ഡ്‌സിനെയാണ് മിതാലി മറികടന്നത്. 

ഓസീസിനെതിരെ മിതാലി രാജിനൊപ്പം യാഷ്‌ടിക ഭാട്യയും ഹര്‍മന്‍പ്രീത് കൗറും അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ഇന്ത്യന്‍ വനിതകള്‍ മികച്ച സ്‌കോറിലെത്തി. ഓപ്പണര്‍മാരെ കുറഞ്ഞ സ്‌കോറില്‍ നഷ്‌ടമായാണ് ഇന്ത്യന്‍ വനിതകള്‍ തുടങ്ങിയത്. സ്‌മൃതി മന്ഥാന 11 പന്തില്‍ 10ഉം ഷെഫാലി വര്‍മ 16 പന്തില്‍ 12 ഉം റണ്‍സെടുത്ത് പുറത്തായി. ഡാര്‍സീ ബ്രൗണിനായിരുന്നു ഇരുവരുടെയും വിക്കറ്റ്. ഓപ്പണര്‍മാര്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ആറ് ഓവറില്‍ 28 റണ്‍സ് മാത്രം. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 130 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി യാഷ്‌ടിക ഭാട്യയും ക്യാപ്റ്റന്‍ മിതാലി രാജും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. 

83 പന്തില്‍ 59 റണ്‍സെടുത്ത യാഷ്‌ടിക ഭാട്യയെയും ഡാര്‍സീ ബ്രൗണ്‍ മടക്കി. മിതാലി രാജ് 96 പന്തില്‍ 68 റണ്‍സെടുത്തു. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന് തിളങ്ങാനായില്ല. റിച്ച 14 പന്തില്‍ എട്ട് റണ്‍സെടുത്ത് അലാന കിംഗിന് കീഴടങ്ങി. അതേസമയം അക്കൗണ്ട് തുറക്കും മുമ്പ് സ്‌നേഹ് റാണയെ ജെസ് ജൊനാസന്‍ പറഞ്ഞയച്ചു. 47 പന്തില്‍ 57* റണ്‍സെടുത്ത ഹര്‍മനൊപ്പം പൂജ വസ്‌ത്രകര്‍(28 പന്തില്‍ 34*) പുറത്താകാതെ നിന്നു.

ICC Womens World Cup 2022 : ഇന്ത്യയെ കരകയറ്റിയ ഫിഫ്റ്റി; റെക്കോര്‍ഡിനൊപ്പം മിതാലി രാജ്