രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20കളും അടങ്ങുന്ന വിശാല പര്യടനമാണ് ടീം ഇന്ത്യ കരീബിയന്‍ ദ്വീപ് സമൂഹങ്ങളിലേക്ക് നടത്തുന്നത്

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം നടക്കുന്ന ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ജിയോ സിനിമ സൗജന്യമായി സ്ട്രീമിങ് ചെയ്യും. പരമ്പരയ്‌ക്കായി താല്‍ക്കാലിക ബ്രോഡ്‌കാസ്റ്റര്‍മാരെ കണ്ടെത്താന്‍ ബിസിസിഐ നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഈ തീരുമാനം. നേരത്തെ ഐപിഎല്‍ പതിനാറാം സീസണ്‍ ജിയോ സിനിമ സൗജന്യമായി ആരാധകരില്‍ എത്തിച്ചത് വലിയ വിജയമായിരുന്നു. സമാനമായി വിന്‍ഡീസ്-ഇന്ത്യ പരമ്പര കാണാനും ആളുകളുണ്ടാകും എന്നാണ് പ്രതീക്ഷ. ഡിഡി സ്പോര്‍ട്‌സിലൂടെയാവും ടെലിവിഷനില്‍ മത്സരത്തിന്‍റെ സംപ്രേഷണം. 

രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20കളും അടങ്ങുന്ന വിശാല പര്യടനമാണ് ടീം ഇന്ത്യ കരീബിയന്‍ ദ്വീപ് സമൂഹങ്ങളിലേക്ക് നടത്തുന്നത്. ജൂലൈ 12 മുതല്‍ 16 വരെയും 20 മുതല്‍ 24 വരെയുമാണ് രണ്ട് ടെസ്റ്റുകള്‍ എന്നാണ് ക്രിക്‌ബസ് പുറത്തുവിട്ട സൂചന. ആദ്യ ടെസ്റ്റിന് ഡൊമിനിക്കയും രണ്ടാമത്തേതിന് ട്രിനിഡാഡും വേദിയാവും. ജൂലൈ 27, 29 ദിനങ്ങളില്‍ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്ക് ബാര്‍ബഡോസ് വേദിയാവും. ഓഗസ്റ്റ് ഒന്നിന് പരമ്പരയിലെ അവസാന ഏകദിനം ട്രിനിഡാഡിലാണ്. അഞ്ച് ടി20 മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ അങ്കം ഓഗസ്റ്റ് നാലിന് ട്രിനിഡാഡില്‍ നടക്കും. ഓഗസ്റ്റ് 6, 8 തിയതികളില്‍ രണ്ടും മൂന്നും ടി20കള്‍ ഗയാനയിലും 12, 13 തിയതികളില്‍ നാലും അഞ്ചും ടി20കള്‍ അമേരിക്കയിലെ ഫ്ലോറിഡയിലും നടക്കും എന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐ ഈ തിയതികള്‍ അംഗീകരിച്ചാല്‍ മത്സരക്രമം ഔദ്യോഗികമായി പുറത്തുവിടും. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസീസിന് എതിരായ ഫൈനലിന് ശേഷം ജൂലൈ ആദ്യ വാരം ഇന്ത്യന്‍ ടീം വിന്‍ഡീസ് പര്യടനത്തിനായി തിരിക്കും. ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ 12 വരെയാണ് ഇന്ത്യ-ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഈ കലാശപ്പോരിനിടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന്‍റെ തിയതികള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

Read more: ഫൈനലിന് തൊട്ടുമുമ്പ് പരിക്കേറ്റ് രോഹിത് ശര്‍മ്മ; ഇന്ത്യന്‍ ആരാധകര്‍ക്ക് സങ്കട വാര്‍ത്ത