ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് മറികടക്കാൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന് കഴിയുമെന്ന് മുൻതാരം ജെഫ് ബോയ്ക്കോട്ട്. മുപ്പത് കാരനായ റൂട്ട് ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റിൽ നിന്ന് 426 റൺസ് നേടിയിരുന്നു.

റൂട്ടിന്റെ മികവിൽ ഇംഗ്ലണ്ട് പരമ്പരയിലെ രണ്ട് ടെസ്റ്റിലും ജയിക്കുകയും ചെയ്തു. റൂട്ട് 99 ടെസ്റ്റിൽ നിന്ന് 8249 റൺസെടുത്തിട്ടുണ്ട്. സച്ചിനെപ്പോലെ റൂട്ടിനും ഇരുന്നൂറ് ടെസ്റ്റിൽ കളിക്കാൻ കഴിയുമെന്നും ഇതിനിടെ സച്ചിന്‍റെ റെക്കോർഡ് മറികടക്കാൻ കഴിയുമെന്നും ബോയ്ക്കോട്ട് പറഞ്ഞു.

15921 റൺസുമായാണ് സച്ചിൻ ടെസ്റ്റ് റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ എന്നിവരും മികച്ച താരങ്ങളാണെന്നും സച്ചിന്‍റെ റെക്കോർഡ് തകർക്കാനുള്ള മികവ് ഇവർക്കും ഉണ്ടെന്നും ബോയ്ക്കോട്ട് പറയുന്നു.

ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കെവിന്‍ പീറ്റേഴ്സണെയും ഡേവിഡ് ഗവറിനെയും എന്നെയുമെല്ലാം മറന്നേക്കു. 200 ടെസ്റ്റില്‍ കളിക്കാനും സച്ചിനെക്കാള്‍ റണ്‍സ് നേടാനും കഴിവുള്ള താരമാണ് ജോ റൂട്ട്. 30കാരനായ റൂട്ട് ഇതുവരെ 99 ടെസ്റ്റില്‍ നിന്ന് 8249 റണ്‍സ് നേടിയിട്ടുണ്ട്. ഗുരുതരമായ പരിക്കൊന്നും സംഭവിച്ചില്ലെങ്കില്‍ സച്ചിന്‍റെ റെക്കോര്‍ഡ് റൂട്ട് മറികടക്കാതിരിക്കാന്‍ മറ്റ് കാരണങ്ങളൊന്നും കാണുന്നില്ലെന്നും ബോയ്ക്കോട്ട് ടെലഗ്രാഫിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി.