അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് തികയ്ക്കുന്ന 12-ാമത്തെ താരമാണ് റൂട്ട്.

മുള്‍ട്ടാന്‍: പാകിസ്ഥാന്‍ ആദ്യ ടെസ്റ്റില്‍ 262 റണ്‍സാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട് നേടിയത്. 17 ബൗണ്ടറികളാണ് റൂട്ടിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. അഗ സല്‍മാന്റെ പന്തില്‍ വിക്കറ്റില്‍ മുന്നില്‍ കുടുങ്ങിയാണ് റൂട്ട് മടങ്ങുന്നത്. ഇരട്ട സെഞ്ചുറിക്ക് പുറമെ ഒരു ചരിത്രനേട്ടം കൂടി റൂട്ട് സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇംഗ്ലണ്ട് താരമായിരിക്കുകയാണ് റൂട്ട്. 147 ടെസ്റ്റുകള്‍ കളിച്ച റൂട്ട് 12,664 റണ്‍സാണ് നേടിയത്. 171 ഏകദിനങ്ങളില്‍ നിന്ന് 6,522 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം. 32 ടി20 കളിച്ചപ്പോള്‍ 893 റണ്‍സും റൂട്ട് നേടി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് തികയ്ക്കുന്ന 12-ാമത്തെ താരമാണ് റൂട്ട്. ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്‍. ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലായി സച്ചിന്‍ 34,357 റണ്‍സാണ് സച്ചിന്‍ നേടിയത്. 28,016 റണ്‍സുള്ള മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ് പട്ടികയില്‍ രണ്ടാമന്‍. റൂട്ടിനൊപ്പം ഹാരി ബ്രൂക്ക് (317) ട്രിപ്പിള്‍ സെഞ്ചുറി നേടിയിരുന്നു. ട്രിപ്പിള്‍ സെഞ്ചുറി നേടിയതോടെ ഒരു റെക്കോര്‍ഡ് സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട് ബ്രൂക്ക്. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇംഗ്ലീഷ് താരമാണ് ബ്രൂക്ക്. വെറും 322 പന്തില്‍ 29 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിംഗ്‌സ്. 

പാകിസ്ഥാനെ തകര്‍ത്ത ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍, സെവാഗിന്റെ 20 വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ് വീണു

മുള്‍ട്ടാനില്‍ വീരേന്ദര്‍ സെവാഗിന്റെ 20 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ബ്രൂക്ക് മറികടന്നത്. മുള്‍ട്ടാനിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ബ്രൂക്ക് നേടിയത്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് നേടിയ 309 റണ്‍സാണ് ബ്രൂക്ക് മറികടന്നത്. ഇരുവരുടേയും കരുത്തില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സാണ് ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്. അതേസമയം, മുള്‍ട്ടാനില്‍ ഇംഗ്ലണ്ട് വിജയത്തിലേക്ക് നീങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരെ 267 റണ്‍സിന്റെ ലീഡ് വഴങ്ങിയ പാകിസ്ഥാന്‍ നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറിന് 152 എന്ന നിലയിലാണ്. 

ഒരുദിനം മാത്രം ശേഷിക്കെ സന്ദര്‍ശകരെ ഇനിയും ബാറ്റിംഗിന് അയക്കണമെങ്കില്‍ പാകിസ്ഥാന് 115 റണ്‍സ് കൂടി വേണം. അഗ സല്‍മാന്‍ (41), അമേര്‍ ജമാല്‍ (27) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഗുസ് ആറ്റ്കിന്‍സണ്‍, ബ്രൈഡണ്‍ കാര്‍സെ എന്നിവരാണ് രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്ഥാനെ തകര്‍ത്തത്.