വരും സീസണിന്‍റെ താരലേലത്തിനായി ജോ റൂട്ട് രജിസ്റ്റര്‍ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

ലണ്ടന്‍: ഐപിഎൽ താരലേലത്തിൽ (IPL 2022 Mega Auction) പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് (Joe Root). ആഷസ് പരമ്പരയിലെ (Ashes 2021-22) ദയനീയ തോൽവിക്ക് പിന്നാലെയാണ് പ്രഖ്യാപനം. ഇംഗ്ലണ്ട് ടീമിനായി ഇനിയുമേറെ ചെയ്യാനുണ്ടെന്നും അതിനുവേണ്ടി പരമാവധി ത്യാഗം ചെയ്യാന്‍ തീരുമാനിച്ചെന്നും റൂട്ട് പറഞ്ഞു. 2018ലെ താരലേലത്തിൽ റൂട്ട് രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരു ടീമും വിളിച്ചിരുന്നില്ല. രണ്ട് വര്‍ഷമായി ഇംഗ്ലണ്ട് ട്വന്‍റി 20 ടീമിൽ റൂട്ടിനെ ഉള്‍പ്പെടുത്തിയിട്ടില്ല. 

ഐപിഎല്ലിന്‍റെ വരും സീസണിന്‍റെ താരലേലത്തിനായി ജോ റൂട്ട് രജിസ്റ്റര്‍ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സമകാലിക ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസങ്ങളിലൊരാളായ ജോ റൂട്ട് ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടില്ല. എന്നാല്‍ 2022 സീസണില്‍ രണ്ട് പുതിയ ടീമുകള്‍ വരുന്നതോടെ തനിക്ക് ഐപിഎല്ലിലേക്ക് വഴിയൊരുങ്ങും എന്നായിരുന്നു റൂട്ടിന്‍റെ കണക്കുകൂട്ടല്‍. അതോടൊപ്പം ടി20 ലോകകപ്പ് സ്വപ്‌നങ്ങളും റൂട്ടിനുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഐപിഎല്‍ മോഹങ്ങള്‍ ലേലത്തിന് മുമ്പേ ഉപേക്ഷിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ടെസ്റ്റ് നായകന്‍. 

ഐപിഎല്ലില്‍ കളിക്കാനുള്ള തന്‍റെ ആഗ്രഹം മുമ്പ് റൂട്ട് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. 'കരിയറിന്‍റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഐപിഎല്ലിന്‍റെ ഭാഗമാകും. ഐപിഎല്ലിന്‍റെ ഭാഗമാകാനും അത് അനുഭവിച്ചറിയാനും ഇഷ്‌ടപ്പെടുന്നു' എന്നായിരുന്നു അന്ന് റൂട്ടിന്‍റെ വാക്കുകള്‍. മുപ്പത്തിയൊന്നുകാരനായ ജോ റൂട്ട് ഇംഗ്ലീഷ് കുപ്പായത്തില്‍ 2019 മെയ് മാസത്തിലാണ് അവസാനമായി ടി20 ക്രിക്കറ്റ് കളിച്ചത്. ടി20യില്‍ 35.7 ബാറ്റിംഗ് ശരാശരിയുണ്ടെങ്കിലും ടെസ്റ്റ് പരമ്പരകള്‍ ഉള്‍പ്പടെയുള്ള വര്‍ക്ക് ലോഡാണ് കുട്ടി ക്രിക്കറ്റില്‍ നിന്ന് താരത്തെ കൂടുതലായി അകറ്റാന്‍ കാരണം. 

Virat Kohli : വിരാട് കോലി സ്ഥാനമൊഴിഞ്ഞത് അദേഹത്തിനും ടീമിനും ഗുണകരം; കാരണം എണ്ണിപ്പറഞ്ഞ് കപില്‍ ദേവ്