ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനെന്ന സച്ചിന്‍റെ റെക്കോര്‍ഡ്(15921 റണ്‍സ്) മറികടക്കാൻ ജോ റൂട്ടിന്(14180 റണ്‍സ്) ഇനി 1741 റണ്‍സ് കൂടി മാത്രമാണ് വേണ്ടത്.

ഹെഡിങ്‌ലി: പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടി ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. പാകിസ്ഥാനെതിരെ 66 റണ്‍സ് നേടി പുറത്തായ റൂട്ട് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികളെന്ന സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് എത്തിയത്. ഇരുവരും ഇപ്പോള്‍ 68 അര്‍ധസെഞ്ചുറികളുമായി ഒപ്പത്തിനൊപ്പമാണ്. 200 ടെസ്റ്റുകളിലെ 329 ഇന്നിംഗ്സുകളില്‍ നിന്നാണ് സച്ചിൻ 68 അര്‍ധസെഞ്ചുറികള്‍ നേടിയതെങ്കില്‍ 167 ടെസ്റ്റുകളിലെ 305 ഇന്നിംഗ്സുകളില്‍ നിന്നാണ് റൂട്ട് 68 അര്‍ധസെഞ്ചുറികള്‍ സ്വന്തമാക്കിയത്. സച്ചിനെക്കാൾ 33 ഇന്നിംഗ്സുകള്‍ കുറവ് കളിച്ചാണ് ജോ റൂട്ട് ഈ നേട്ടത്തിലെത്തിയത് എന്നത് ശ്രദ്ധേയമാണ്.

പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 171 റൺസ് പിന്തുടരുന്നതിനിടെ 48/2 എന്ന നിലയിൽ ഇംഗ്ലണ്ട് പതറുമ്പോഴാണ് റൂട്ട് ക്രീസിലെത്തിയത്. തുടർന്ന് ജോർദാൻ കോക്സുമായി ചേർന്ന് 204 പന്തിൽ 150 റൺസിന്‍റെ നിർണായക കൂട്ടുകെട്ടുണ്ടാക്കാൻ റൂട്ടിനായി. 10 ബൗണ്ടറികൾ അടങ്ങിയതായിരുന്നു റൂട്ടിന്‍റെ ഇന്നിംഗ്സ്. ഒടുവിൽ ഖുറം ഷെഹ്സാദിന്‍റെ പന്തിൽ എൽ.ബി.ഡബ്ല്യു ആയി പുറത്താകുന്നതിന് മുൻപ് ഇംഗ്ലണ്ടിന് മികച്ച ലീഡ് സമ്മാനിക്കാൻ റൂട്ടിന് സാധിച്ചു. ഹോം ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന റിക്കി പോണ്ടിംഗിന്‍റെ റെക്കോർഡ് തകർക്കാൻ ഇനി 13 റൺസ് കൂടി മാത്രം മതി റൂട്ടിന്.

ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനെന്ന സച്ചിന്‍റെ റെക്കോര്‍ഡ്(15921 റണ്‍സ്) മറികടക്കാൻ ജോ റൂട്ടിന്(14180 റണ്‍സ്) ഇനി 1741 റണ്‍സ് കൂടി മാത്രമാണ് വേണ്ടത്. സച്ചിന്‍റെ സെഞ്ചുറി(51) റെക്കോര്‍ഡിനൊപ്പമെത്താൻ റൂട്ടിന്(41) 10 സെഞ്ചുറികള്‍ കൂടി വേണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക