ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് സിറാജിനെ ജോ റൂട്ട് പ്രശംസിച്ചു.
ലണ്ടന്‍: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് മുഹമ്മദ് സിറാജ്. നിലവില്‍ 20 വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി ബൗളിംഗില്‍ ഏറ്റവും കൂടുതല്‍ ഇംപാക്റ്റ് ഉണ്ടാക്കിയ താരവും സിറാജ് തന്നെ. പരിക്കില്ലാതെ അഞ്ച് മത്സരങ്ങളും കളിക്കാന്‍ സിറാജിന് സാധിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ പേസറെ വാഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലണ്ട് സീനിയര്‍ താരം ജോ റൂട്ട്. സിറാജ് ഒരു യോദ്ധാവാണെന്നാണ് റൂട്ട് പറയുന്നത്.
റൂട്ടിന്റെ വാക്കുകള്‍... ''ഏത് ടീമും ആഗ്രഹിക്കുന്ന താരമാണ് സിറാജ്. അദ്ദേഹം ഒരു യഥാര്‍ത്ഥ പോരാളിയാണ്. ഇന്ത്യന്‍ ടീമിന് വേണ്ടി സിറാജ് മുഴുവന്‍ നല്‍കുന്നു. ഞങ്ങളുടെ ടീമില്‍ എപ്പോഴും വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന താരമാണ് സിറാജ്. അദ്ദേഹത്തിന് ക്രിക്കറ്റിനോടുള്ള സമീപനം അഭിനന്ദനമര്‍ഹിക്കുന്നു. അത്രത്തോളം കഴിവ് സിറാജിനുണ്ട്. സിറാജിനെതിരെ കളിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. തുടക്കക്കാരായ ഏതൊരു യുവ കളിക്കാര്‍ക്കും ഒരു മികച്ച മാതൃകയാണ് അദ്ദേഹം. എപ്പോഴും മുഖത്ത് പുഞ്ചിരിയുണ്ടാകും.'' പത്രസമ്മേളനത്തില്‍ റൂട്ട് പറഞ്ഞു.
അഞ്ചാം ടെസ്റ്റില്‍ മികച്ച ബോളിംഗ് പ്രകടനമാണ് സിറാജ് നടത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റുകള്‍ നേടിയാണ് സിറാജ് തിളങ്ങിയത്. ക്യാപ്റ്റന്‍ ഒലി പോപ്പ്. ജോ റൂട്ട്, ജേക്കബ് ബേതല്‍, ഹാരി ബ്രുക് എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. ഇതോടെ തന്റെ കരിയറില്‍ 200 അന്താരാഷ്ട്ര വിക്കറ്റുകള്‍ സ്വന്തമാക്കി മുന്നേറാനും സിറാജിന് സാധിച്ചിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ 13-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇതോടെ ചില നേട്ടങ്ങളും റൂട്ടിനെ തേടിയെത്തി. ടെസ്റ്റ് കരയിറില്‍ തന്റെ 39-ാം സെഞ്ചുറിയാണ് റൂട്ട് പൂര്‍ത്തിയാക്കിയത്. നിലവില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയതാരങ്ങളില്‍ മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെ മറികടന്നു റൂട്ട്. 38 സെഞ്ചുറികളാണ് സംഗക്കാരയുടെ പേരിലുള്ളത്. ഇനി റിക്കി പോണ്ടിംഗ് (41), ജാക്വസ് കാലിസ് (45), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (51) എന്നിവരണ് റൂട്ടിന് മൂന്നിലുള്ളത്.

