ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ സച്ചിൻ ടെണ്ടുൽക്കറിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി.

മാഞ്ചസ്റ്റര്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ജോ റൂട്ടിന് മുന്നില്‍ ഇനി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രം. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ന് ഇംഗ്ലണ്ടിനായി 120 നേടിയപ്പോള്‍ തന്നെ മൂന്ന് ഇതിഹാസ താരങ്ങള്‍ റൂട്ടിന് പിന്നിലായി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് (13288), മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ജാക്വസ് കാലിസ് (13289), മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് (11378) എന്നിവരെ മറികടക്കാന്‍ റൂട്ടിന് സാധിച്ചു.

31 റണ്‍സായപ്പോള്‍ തന്നെ കാലിസും ദ്രാവിഡും പിറകിലായിരുന്നു. റൂട്ട് ഇപ്പോഴും ക്രീസില്‍ തുടരുകയാണ്. കരിയറില്‍ തന്റെ 157-ാം മത്സരമാണ് റൂട്ട് കളിക്കുന്നത്. മറ്റുചില റെക്കോഡുകളും റൂട്ടിനെ തേടിയെത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ 12-ാം സെഞ്ചുറിയാണ് റൂട്ട് പൂര്‍ത്തിയാക്കിയത്. ഇതോടെ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമാകാന്‍ റൂട്ടിന് സാധിച്ചു. 11 സെഞ്ചുറി നേടിയ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെയാണ് റൂട്ട് മറികടന്നത്. ടെസ്റ്റ് കരയിറില്‍ തന്റെ 38-ാം സെഞ്ചുറിയാണ് റൂട്ട് പൂര്‍ത്തിയാക്കിയത്. നിലവില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയതാരങ്ങളില്‍ മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയ്‌ക്കൊപ്പം നാലാം സ്ഥാനത്താണ് റൂട്ട്.

ഇനി റിക്കി പോണ്ടിംഗ് (41), ജാക്വസ് കാലിസ് (45), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (51) എന്നിവരാണ് റൂട്ടിന് മുന്നിലുള്ളത്. രാഹുല്‍ ദ്രാവിഡ് (36), സ്റ്റീവന്‍ സ്മിത്ത് (36) എന്നിവര്‍ റൂട്ടിന് പിറകിലാണ്. ഒരു എതിരാളിക്കെതിരെ മാത്രം ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയത് ഡോണ്‍ ബ്രാഡ്മാനാണ്. അദ്ദേഹത്തിന് ഇംഗ്ലണ്ടിനെതിരെ മാത്രം 19 സെഞ്ചുറികളുണ്ട്. ഇക്കാര്യത്തില്‍ സുനില്‍ ഗവാസ്‌കര്‍ രണ്ടാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ അദ്ദേഹം നേടിയത് 13 സെഞ്ചുറികള്‍. ഇംഗ്ലണ്ടിന്റെ ജാക്ക് ഹോബ്‌സ് ഓസീസിനെതിരെ 12 സെഞ്ചുറികല്‍ നേടി. ഓസീസ് താരം സ്റ്റീവന്‍ സ്മിത്ത് ഇംഗ്ലണ്ടിനെതിരെ മാത്രം നേടിയത് 12 സെഞ്ചുറികള്‍. ഇപ്പോല്‍ റൂട്ട് ഇന്ത്യക്കെതിരേയും 12 സെഞ്ചുറി നേടി.

ടെസ്റ്റില്‍ ഏറ്റവും അധികം 50+ സ്‌കോറുകള്‍ നേടുന്ന രണ്ടാമത്തെ താരമാവാനും റൂട്ടിന് സാധിച്ചു. 104 തവണ അദ്ദേഹം 50 അല്ലെങ്കില്‍ അതിനപ്പുറമുള്ള സ്‌കോര്‍ കടന്നു. ഇക്കാര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (119) ഒന്നാമത്. റിക്കി പോണ്ടിംഗ് (103), ജാക്വസ് കാലിസ് (103), രാഹുല്‍ ദ്രാവിഡ് (99) എന്നിവര്‍ പിന്നിലായി. ഇപ്പോള്‍ സജീവമായ ക്രിക്കറ്റ് താരങ്ങളില്‍ എല്ലാ ഫോര്‍മാറ്റുകളും എടുത്താല്‍, ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ വിരാട് കോലിയുടെ പേരിലാണ്. 82 സെഞ്ചുറികള്‍ അദ്ദേഹം നേടി. എന്നാല്‍ കോലി ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. രണ്ടാം സ്ഥാനത്ത്് ജോ റൂട്ട് (56) തന്നെ. രോഹിത് ശര്‍മ (49), കെയ്ന്‍ വില്യംസണ്‍ (48), സ്റ്റീവന്‍ സ്മിത്ത് (48) എന്നിവര്‍ പിന്നില്‍.

YouTube video player