Asianet News MalayalamAsianet News Malayalam

IPL 2022 : വീണ്ടും ബട്‌ലര്‍, സെഞ്ചുറി! ആര്‍സിബിയെ പുറത്തേക്കെറിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫൈനലില്‍

ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന്റെ എതിരാളി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

jos buttler century helps rajasthan royals to the finals of ipl 2022
Author
Ahmedabad, First Published May 27, 2022, 11:05 PM IST

അഹമ്മദാബാദ്: ഐപിഎല്‍ (IPL 2022) രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിരിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും ജയിച്ചുകയറിയത്. ജോസ് ബട്‌ലറുടെ സെഞ്ചുറിയാണ് (60 പന്തില്‍ പുറത്താവാതെ 106) രാജസ്ഥാന് ജയമൊരുക്കിയത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന്റെ എതിരാളി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ആര്‍സിബിക്ക് രജത് പടിദാറിന്റെ (58) ഇന്നിംഗ്‌സാണ് തുണയായത്. മൂന്ന് വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്‌കോയ് എന്നിവരാണ് ആര്‍സിബിയെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് അകറ്റി നിര്‍ത്തിയത്. മാറ്റമൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ രാജസ്ഥാന്‍ വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 16 റണ്‍സാണ് പിറന്നത്. ജയ്‌സ്വാള്‍ രണ്ട് സിക്‌സും ഒരു ഫോറും നേടി. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ രണ്ടാം ഓവറില്‍ ആറ് റണ്‍സ്. എന്നാല്‍ സിറാജിന്റെ തന്നെ മൂന്നാം ഓവറില്‍ 15 റണ്‍സും പിറന്നു. ഇന്ത്യന്‍ താരത്തിന്റെ രണ്ട് ഓവറില്‍ മാത്രം 31 റണ്‍സാണ് ജയ്‌സ്വാള്‍- ബട്‌ലര്‍ സഖ്യം അടിച്ചെടുത്തത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 61 റണ്‍സുള്ളപ്പോല്‍ ജയസ്വാള്‍ മടങ്ങി. ഹേസല്‍വുഡിനായിരുന്നു വിക്കറ്റ്. പിന്നാലെ ക്രീസിലെത്തിയ സഞ്ജു (21 പന്തില്‍ 23) ഏറെ പ്രതീക്ഷ നല്‍കി. 

എന്നാല്‍ വാനിന്ദു ഹസരങ്കയ്‌ക്കെതിരെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് താരം പുറത്തായി. ഗ്ലൂഗി മനസിലാക്കാതെ ക്രീസില്‍ നിന്ന് ചാടിയിറങ്ങിയ സഞ്ജുവിന് പിഴച്ചു. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു സഞ്ജുവിനെ. രണ്ട് മനോഹര സിക്‌സും ഒരു ഫോറും സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. 12 പന്തില്‍ 9 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കല്‍ പുറത്താവുമ്പോള്‍ രാജസ്ഥാന്‍ വിജയത്തോട് അടുത്തിരുന്നു. ബട്‌ലറുടെ സെഞ്ചുറിയാണ് പിന്നീട് ആരാധകര്‍ കാത്തിരുന്ന്. പതിനെട്ടാം ഓവറില്‍ താരം സെഞ്ചുറി പൂര്‍ത്തിയാക്കി. ആറ് സിക്‌സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബട്‌ലറുടെ ഇന്നിംഗ്‌സ്.

ആര്‍സിബിക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്.  രണ്ടാം ഓവറില്‍ തന്നെ കോലിയെ (7) നഷ്ടമായി. പ്രസിദ്ധിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. എട്ട് പന്തിലാണ് കോലി ഏഴ് റണ്‍സെടുത്തത്. പിന്നീട് ഒത്തുചേര്‍ന്ന ഫാഫ്- പടിദാര്‍ സഖ്യം ആര്‍സിബിയെ പവര്‍പ്ലേയില്‍ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇതിനിടെ പടിദാറിന്റെ ക്യാച്ച് റിയാന്‍ പരാഗ് വിട്ടുകളയുകയും ചെയ്തു. പ്രസിദ്ധിന്റെ തന്നെ പന്തിലാണ് എടുക്കാവുന്ന ക്യാച്ച് പരാഗ് വിട്ടുകളഞ്ഞത്. 

എന്നാല്‍ പത്ത് ഓവറിന് ശേഷം രാജസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. പതിനൊന്നാം ഓവറിന്റെ നാലാം പന്തില്‍ ഫാഫ് ഡുപ്ലെസിസും (25) മടങ്ങി. 14-ാം ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (24) ട്രന്റ് ബോള്‍ട്ട് മടക്കിയതോടെ ആര്‍സിബി പ്രതിരോധത്തിലായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ആര്‍സിബിക്ക് വിക്കറ്റ് നഷ്ടമായി. മഹിപാല്‍ ലോംറോര്‍ (8), ദിനേശ് കാര്‍ത്തിക് (6), വാനിന്ദു ഹസരങ്ക (0), ഹര്‍ഷല്‍ പട്ടേല്‍ (1) എന്നിവര്‍ പാടേ നിരാശപ്പെടുത്തി. ഇതിനിടെ പടിദാറിനെ അശ്വിനും മടങ്ങിയതോടെ കൂറ്റന്‍ സ്‌കോറെന്ന മോഹം വിദൂരത്തായി. ഷഹബാസ് അഹമ്മദ് (12), ജോഷ് ഹേസല്‍വുഡ് (1) പുറത്താവാതെ നന്നു.

നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മക്‌കോയ് 23 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ട്രന്റ് ബോള്‍ട്ട് ഇത്രയും ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ആര്‍ അശ്വിനും ഒരു വിക്കറ്റുണ്ട്.

രാജസ്ഥാന്‍ റോയല്‍സ്: യഷ്‌സ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോംറോര്‍, ഷഹ്ബാസ് അഹമ്മദ്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.
 

Follow Us:
Download App:
  • android
  • ios