Asianet News MalayalamAsianet News Malayalam

ടെസ്റ്റ് കരിയര്‍ രക്ഷിക്കാന്‍ ബട്‌ലര്‍ക്ക് മുന്നിലുള്ളത് ഇനി രണ്ടേ രണ്ട് ടെസ്റ്റെന്ന് മുന്‍ ഇംഗ്ലണ്ട് താരം

അസാമാന്യ പ്രതിഭയാണ് ബട്‌ലര്‍. നിരവധി യുവതാരങ്ങള്‍ അദ്ദേഹത്തെ മാതൃകയാക്കുന്നുണ്ട്. എല്ലാ ഷോട്ടുകളും ബട്‌ലറുടെ കൈവശമുണ്ട്. പക്ഷെ, ടെസ്റ്റ് ക്രിക്കറ്റില്‍ ഇങ്ങനെ തുടര്‍ച്ചയായി ഔട്ടായാല്‍ പിടിച്ചുനില്‍ക്കാനാവില്ല

Jos Buttler has got two Test matches to save his career: Darren Gough
Author
London, First Published Jul 13, 2020, 11:21 PM IST

ലണ്ടന്‍: ടെസ്റ്റ് കരിയര്‍ രക്ഷിക്കാന്‍ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് മുന്നിലുള്ളത് ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ അവശേഷിക്കുന്ന രണ്ടേ രണ്ട് ടെസ്റ്റ് മാത്രമെന്ന് മുന്‍ ഇംഗ്ലീഷ് പേസര്‍ ഡാരന്‍ ഗഫ്. അടുത്ത രണ്ട് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ ബട്‌ലര്‍ക്ക് ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമാവുമെന്നും ഗഫ് പറഞ്ഞു. കഴിഞ്ഞ 12 ടെസ്റ്റില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ബട്‌ലര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനുപുറമെ വെസ്റ്റ് ഇന്‍ഡീസിന് ആദ്യ ടെസ്റ്റില്‍ വിജയം സമ്മാനിച്ച ജെറമി ബ്ലാക്‌വുഡിനെ വിക്കറ്റിന് പിന്നില്‍ ബട്‌ലര്‍ കൈവിടുകയും ചെയ്തു. 95 റണ്‍സെടുത്ത ബ്ലാക്ക്‌വുഡ് വിന്‍ഡീസീന് അവിശ്വസനീയ ജയം സമ്മാനിക്കുകയും ചെയ്തു.

അസാമാന്യ പ്രതിഭയാണ് ബട്‌ലര്‍. നിരവധി യുവതാരങ്ങള്‍ അദ്ദേഹത്തെ മാതൃകയാക്കുന്നുണ്ട്. എല്ലാ ഷോട്ടുകളും ബട്‌ലറുടെ കൈവശമുണ്ട്. പക്ഷെ, ടെസ്റ്റ് ക്രിക്കറ്റില്‍ ഇങ്ങനെ തുടര്‍ച്ചയായി ഔട്ടായാല്‍ പിടിച്ചുനില്‍ക്കാനാവില്ല-ഗഫ് പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ശേഷിക്കുന്ന രണ്ട് ടെസ്റ്റില്‍ പേസ് ബോളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ മടക്കിക്കൊണ്ടുവരണമെന്നും ജോഫ്ര ആര്‍ച്ചറെയും മാര്‍ക്ക് വുഡിനെയും മാറി മാറി കളിപ്പിക്കണമെന്നും ഗഫ് പറഞ്ഞു.

ബ്രോഡ് തിരിച്ചുവരുമ്പോള്‍ മാര്‍ക്ക് വുഡിനും ആന്‍ഡേഴ്സണും വിശ്രമം അനുവദിക്കണം. മൂബ്രോഡിനൊപ്പം ക്രിസ് വോക്സിനെയും കളിപ്പിക്കണം. മൂന്നാം ടെസ്റ്റില്‍ ആന്‍ഡേഴ്സണ്‍ തിരിച്ചുവരുമ്പോള്‍ ആന്‍ഡേഴ്സണെയും വിഡിനെയും കളിപ്പിക്കണമെന്നും ഗഫ് പറഞ്ഞു. ഓപ്പണര്‍ സ്ഥാനത്ത് ജോ ഡെന്‍ലിയുടെ തെരഞ്ഞെടുപ്പിനെയും ഗഫ് വിമര്‍ശിച്ചു. ഓപ്പണര്‍ സ്ഥാനത്ത് ഡേവിഡ് മലനെയോ നിക്ക് കോംപ്റ്റണെയോ കീറ്റണ്‍ ജെന്നിംഗ്സിനെയോ പരീക്ഷിക്കേണ്ട സമയമായെന്നും ഗഫ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios