ലണ്ടന്‍: ഇംഗ്ലീഷ് താരം ജോസ് ബട്‌ലറും ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനും തമ്മിലുള്ള ബന്ധം ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ സീസണിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്ന അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബട്‌ലറെ മങ്കാദിങ്ങിലൂടെ പൂറത്താക്കിയത്. ഏറെ വിവാദങ്ങള്‍ക്ക് തുടക്കമിട്ട പുറത്താക്കലായിരുന്നു അത്. അശ്വിന്റെ ചതിപ്രയോഗമെന്നാണ് പലരും വിൡച്ചത്. മറ്റുചിലര്‍ പിന്തുണയ്്ക്കുകയും ചെയ്തു.

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അശ്വിന്‍ ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. വീട്ടില്‍ സുരക്ഷിതരായി ഇരിക്കൂവെന്ന ക്യാപ്ഷനോടെയാണ് അശ്വിന്‍ ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ ഈ സംഭവത്തെ രസകരമായി ട്രോളിയിരിക്കുകയാണ് ബടലര്‍. സ്‌കൈ സ്‌പോര്‍ട്‌സിന് വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് ബട്‌ലര്‍ ഈ വിഷയം ഒരിക്കല്‍ കുത്തിപ്പൊക്കിയത്. ഐസൊലേഷനില്‍ പ്രവേശിക്കാന്‍ പറഞ്ഞാല്‍ ആരുടെ കൂടെ ആയിരിക്കണമെന്നാണ് ആഗ്രഹമെന്നായിരുന്നു ചോദ്യം. 

അശ്വിന്‍ എന്നായിരുന്നു ബട്‌ലറുടെ മറുപടി. ഇംഗ്ലീഷ് താരം തുടര്‍ന്നു... ''അത് അശ്വിനായിരിക്കണം. അശ്വിന് എന്നെ മങ്കാദിങ്ങിലൂടെ പുറത്താക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ആ പുറത്താകലുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ ഇപ്പോഴും എന്റെ ശ്രദ്ധയില്‍ പെടാറുണ്ട്. കഴിഞ്ഞ ദിവസം ആ ചിത്രം വച്ചുള്ള ഒരു ട്വീറ്റും ഞാന്‍ കണ്ടു. സുരക്ഷിതരായിരിക്കൂ, പുറത്തുപോവരുത് എന്നായിരുന്നു ആ ട്വീറ്റിന്റെ ക്യാപ്ഷന്‍. '' ബട്‌ലര്‍ പറഞ്ഞുനിര്‍ത്തി.